ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എടപ്പാടി കെ. പളനിസ്വാമിയെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത് എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം. ഒ. പനീർസെൽവത്തെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് സഖ്യം, സീറ്റ് പങ്കിടൽ, സ്ഥാനാർത്ഥി നിർണയം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനും പളനിസ്വാമിയെയും പനീർസെൽവത്തെയും ജനറൽ കൗൺസിൽ യോഗം അധികാരപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ് സാദ്ധ്യത. അതേസമയം സീറ്റുകൾ പങ്കിടുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഏപ്രിൽ, മേയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.