മുംബയ്: സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിനടിയിലേക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സി.സി ടി.വി ദൃശ്യമാണ് പുറത്തുവന്നത്.
താനെ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ പിടിവിട്ട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണത്. തൊട്ടടുത്തുണ്ടായിരുന്ന രണ്ട് റെയിൽവേ പൊലീസുകാർ മിന്നൽവേഗത്തിൽ ചാടിവീഴുകയും സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും സഹായിക്കാനെത്തി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് സ്ത്രീ മരണത്തിൽനിന്ന് രക്ഷപ്പെട്ടത്.