തിരുവനന്തപുരം: മുപ്പത് വർഷത്തിനുശേഷം ഏറ്റവും മഴ കിട്ടിയ ജനുവരി ദിവസങ്ങളാണ് കടന്നുപോയത്. ഡിസംബർ 31ന് അവസാനിച്ച തുലാവർഷത്തിൽ 26 % മഴ കുറഞ്ഞു. ജല ദൗർലഭ്യത രൂക്ഷമാകുമെന്ന് കരുതിയിരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം ഈ മാസം ശരാശരിയിൽ കൂടുതൽ മഴ കിട്ടി - 20.7മില്ലീമീറ്റർ. വരും ദിവസങ്ങളിൽ മഴ കൂടും. മൂന്ന് ഘടകങ്ങൾ ഒന്നിച്ചു വന്നതാണ് കാലം തെറ്റിയ മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിലെ കിഴക്കൻ കാറ്റ് ശക്തമായതും ആഗോള മഴപ്പാത്തി (മാഡൻ - ജൂലിയൻ ഓസിലേഷൻ) ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നതും ഉത്തരേന്ത്യൻ ശൈത്യക്കാറ്റ് അറബിക്കടലിൽ കൂടുതലായി എത്തുന്നതുമാണ് കാരണങ്ങൾ. മുൻ വർഷങ്ങളിൽ ഈ മൂന്ന് ഘടകങ്ങളും ജനുവരിയിൽ അനുകൂലമായിരുന്നില്ല. ഇത്തവണ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനിടയാക്കിയത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കളമൊരുക്കുന്നുണ്ട്.
കിഴക്കൻ കാറ്റ് ശക്തമായി പടിഞ്ഞാറേക്ക് നീങ്ങുന്നത് ഉത്തരേന്ത്യയിൽ നിന്നുള്ള ദുർബലമായ വരണ്ട ശീതക്കാറ്റിന്റെ കേരളത്തിലേക്കുള്ള പ്രവേശനം തടയും. ഈർപ്പം കൂടിയ കിഴക്കൻ കാറ്റ് മഴ പെയ്യിക്കും. അതിനാൽ നമുക്ക് തണുപ്പ് മാറി മഴ കിട്ടും.
@ഇന്നലെ വരെ 50% അധികമഴ.
@പത്തനംതിട്ട 49.9മില്ലി.മീറ്റർ
@ആലപ്പുഴ 32.4 മില്ലി.മീറ്റർ
@കണ്ണൂർ 32.3മില്ലി.മീറ്റർ
@ എറണാകുളം 34.2മില്ലി.മീറ്റർ
@മറ്റ് ജില്ലകളിലും ശരാശരിയിൽ ഏറെ മഴ
ആശയിൽ കർഷകർ
മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയുമെന്ന് ചൊല്ലുണ്ട്. ജനുവരി മഴ ജല ദൗർലഭ്യം പരിഹരിച്ചപ്പോൾ ആശങ്കയിലായത് കർഷകരാണ്. കശുമാവ്,കാപ്പി,മാവ്,ചക്ക എന്നീ വിളകൾ പൂക്കുന്ന ജനുവരിയിലെ മഴ പൂവെല്ലാം തല്ലിക്കൊഴിച്ചു. ഇത് കർഷകർക്ക് വെല്ലുവിളിയായി. കാർഷിക കലണ്ടറിന്റെ താളം തെറ്റിച്ച മഴ വിളകളുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
ജനുവരിയിൽ അധിക മഴയാണ് ലഭിച്ചത്.കാലാവസ്ഥാ വ്യതിയാനത്തിനു പുറമേ മൂന്ന് അനുകൂല ഘടങ്ങൾ ഒന്നിച്ചുവന്നതും ഇതിന് കാരണമായി. ഒരാഴ്ച്ച കൂടി മഴ തുടരാം
ഡോ അഭിലാഷ് കാലാവസ്ഥ ഗവേഷകൻ
കാലം തെറ്റിയ മഴ കാർഷികവിളകൾക്ക് വെല്ലുവിളിയാണ്. എന്നാൽ അനുകൂലമാകുന്ന വിളകളുമുണ്ട്. കുട്ടനാടിനെ സംബന്ധിച്ച് ഓരുവെള്ളം കയറുന്നത് ഈ മഴ മൂലം തടയാനാകും. കാലാവസ്ഥ വ്യതിയാനം നമ്മൾ ഉൾക്കൊണ്ട് അതനുസരിച്ചുള്ള കൃഷി രീതികൾ വികസിപ്പിക്കണം.
ഡോ കെ.ജി .പത്മകുമാർ
ഡയറക്ടർ കായൽ കൃഷി ഗവേഷണ കേന്ദ്രം ആലപ്പുഴ