തിരുവനന്തപുരം: കടയ്ക്കാവൂരിൽ പതിനാലുകാരനെ അമ്മ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഐ ജി ഹർഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ഐ ജി അന്വേഷിക്കും. കേസ് ഫയലുകൾ ഐ.ജി വിളിപ്പിച്ചു.
കുടുംബവഴക്ക് നിലനിൽക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളിൽ പൊലീസ് തിടുക്കം കാട്ടിയോ, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അറിയുന്നതിനാണ് ഫയലുകൾ വിളിപ്പിച്ചിരിക്കുന്നത്.പൊലീസിനെതിരെ ശിശുക്ഷേമസമിതി നൽകുന്ന പരാതിയും ഐ ജിയ്ക്ക് കൈമാറിയേക്കും.
പതിനാലുകാരനെ പരിശോധനകൾക്കായി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. വിദഗ്ദ്ധരുൾപ്പെട്ട മെഡിക്കൽ ബോർഡിന് മുന്നിലാണ് ഹാജരാക്കുക.അതേസമയം സംഭവത്തിൽ കുറ്റാരോപിതയായ യുവതിയുടെ കുടുംബം ഇന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും. കേസ് കെട്ടിച്ചമച്ചതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.