തിരുവനന്തപുരം: ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത, ചെമ്പക സ്കൂളിലെ ഡ്രൈവറുടെ കുടുംബത്തിന് സഹായവുമായി സ്കൂൾ മാനേജ്മെന്റ്. അഞ്ചുലക്ഷം രൂപ ശ്രീകുമാറിന്റെ കുടുംബത്തിന് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രശ്നത്തിൽ കളക്ടർ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സഹപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം.
സ്കൂളിന് സമീപം ഓട്ടോറിക്ഷയിൽ ഇരുന്ന് തീകൊളുത്തിയാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവർ അഗ്നിശമനസേനയെ വിളിച്ചുവരുത്തി. സേനാംഗങ്ങൾ തീ അണച്ചെങ്കിലും ശ്രീകുമാർ മരിച്ചിരുന്നു.
കഴിഞ്ഞ പതിനാറ് വർഷമായി കരിയം ചെമ്പക സ്കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാറിനെ കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആറു മാസം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ വന്നതോടെ ഡ്രൈവർമാരും ആയമാരും ഉൾപ്പടെ 61 പേരെയാണ് സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൊഴിലാളികൾ സ്കൂളിന് സമീപം സമരം നടത്തി വരികയായിരുന്നു. ഔട്ട്സോഴ്സിംഗ് ഏജൻസി വഴി ഇവർക്ക് തന്നെ ജോലി നൽകാമെന്ന് ചർച്ചയിൽ സ്കൂൾ അധികൃതർ ഉറപ്പ് നൽകി. അതിന്റെ ഭാഗമായി സ്കൂൾ തുറന്നുപ്രവർത്തിച്ചതിനെ തുടർന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാർ. എന്നാൽ തനിക്ക് പകരം മറ്റുചിലർ ജോലിക്ക് കയറുന്നതാണ് സ്കൂളിലെത്തിയ ശ്രീകുമാർ കാണുന്നത്. ജോലി നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ശ്രീകുമാർ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.
ചെമ്പക സ്കൂളിലെ തന്നെ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടുപെൺകുട്ടികളാണ് ശ്രീകുമാറിന്. മകളെ വിവാഹം കഴിപ്പിച്ചയച്ചതും വീടുപണിയും മറ്റുമായി കടബാദ്ധ്യതകൾ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേർക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്.