കൊല്ലം: പാർട്ടി ഓഫീസിലെത്തിയ വീട്ടമ്മയ്ക്ക് നേരെ ആർ.എസ്.പി നേതാവിന്റെ കയ്യേറ്റം. കസേര എടുത്ത് വീട്ടമ്മയുടെ തലയ്ക്കടിക്കാനും നേതാവ് ശ്രമിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കര ആർ.എസ്.പി മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവമുണ്ടായത്. ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ (യു.ടി.യു.സി) മണ്ഡലം സെക്രട്ടറിയുമായ ഇ. സലാഹുദ്ദീനാണ് വീട്ടമ്മയ്ക്ക് നേരെ അസഭ്യ വർഷം നടത്തി ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സലാഹുദ്ദീനെതിരെ നടപടിയ്ക്കൊരുങ്ങുകയാണ് പാർട്ടി.
തയ്യൽ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കുന്ന കൊട്ടാരക്കര മുസ്ളിം സ്ട്രീറ്റ് സ്വദേശിയായ വീട്ടമ്മയ്ക്ക് നേരെയായിരുന്നു അതിക്രമം. മൂന്ന് വർഷമായി ഇവർ ക്ഷേമനിധി വിഹിതം സലാഹുദ്ദീൻ മുഖേന അടയ്ക്കുന്നുണ്ട്. മറ്റ് പലരും തുക സലാഹുദ്ദീനെയാണ് ഏൽപ്പിക്കുക. ആർ.എസ്.പിയുടെ മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയാണ് പലരും തുക കൈമാറുന്നതും. എന്നാൽ, സലാഹുദ്ദീൻ ഈ തുക അടയ്ക്കുന്നില്ലെന്ന ആക്ഷേപം അടുത്തകാലത്ത് ഉയർന്നിരുന്നു. പലരും പരാതിയുമായി പാർട്ടി ഓഫീസിലെത്തിയപ്പോഴൊക്കെ സലാഹുദ്ദീൻ അവരോട് തട്ടിക്കയറുകയായിരുന്നു. താൻ മൂന്നുവർഷമായി തുക അടയ്ക്കുന്നുണ്ടെന്നും ഇതിന്റെ രസീത് വേണമെന്നും ആവശ്യപ്പെട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടമ്മ പാർട്ടി ഓഫീസിലെത്തിയത്. മണ്ഡലം സെക്രട്ടറി ജി.സോമശേഖരൻ നായരടക്കം ഈ സമയം പാർട്ടി ഓഫീസിലുണ്ടായിരുന്നു. രസീത് തരില്ലെന്ന് ബോദ്ധ്യമായതോടെ വീട്ടമ്മ വീട്ടിലേക്ക് മടങ്ങുകയും ഭർത്താവുമായി തിരികെ എത്തുകയും ചെയ്തു.
ഈ സമയം മണ്ഡലം സെക്രട്ടറി പുറത്തേക്ക് പോയിരുന്നു. രസീത് തരില്ലെന്ന് പറഞ്ഞുകൊണ്ടാണ് സലാഹുദ്ദീൻ അസഭ്യ വർഷം തുടങ്ങിയത്. വീട്ടമ്മയുടെ ഭർത്താവിന്റെ മുഖത്ത് അടിക്കുകയും വീട്ടമ്മയെ കസേരകൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിക്കുകയും ചെയ്തു. രണ്ടുതവണ പിടിച്ചുതള്ളി. കൂടുതൽ അസഭ്യ വർഷം നടത്തിയശേഷമാണ് പാർട്ടി ഓഫീസിലേക്ക് കടന്നുപോയത്. ഈ സംഭവങ്ങൾ ആരോ വീഡിയോയിൽ പകർത്തി ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
ആർ.എസ്.പിയുടെ പാർട്ടി ഓഫീസിൽ വച്ചുണ്ടായ സംഭവമായതിനാൽ ഗൗരവമായിട്ടാണ് പാർട്ടി നേതാക്കൾ ഇതിനെ കണ്ടത്. അതുകൊണ്ടുതന്നെ ഇ.സലാഹുദ്ദീനെ പാർട്ടി ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കാനാണ് ആലോചന. ഇന്ന് പാർട്ടി സെന്റർ കൂടി നടപടിയെടുക്കുമെന്ന് മണ്ഡലം സെക്രട്ടറി ജി. സോമശേഖരൻ നായർ അറിയിച്ചു. മറ്റ് പലരുടെയും ക്ഷേമനിധി വിഹിതം സലാഹുദ്ദീൻ മുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വീട്ടമ്മയെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിലും ഇന്ന് പരാതി നൽകുമെന്നാണ് വിവരം.