തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് കേന്ദ്ര സർക്കാർ സംഘം. കൊവിഡിന്റെ വർദ്ധന തടയാൻ കഴിഞ്ഞത് കേരളത്തിന്റെ വിജയമാണ്. രോഗപ്രതിരോധത്തിൽ മികച്ച പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കേന്ദ്ര സംഘം ഈ നിഗമനത്തിലെത്തിയത്. സംസ്ഥാനത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും സംഘം വിലയിരുത്തിയിരുന്നു. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്രസംഘം അറിയിച്ചു.
കേരളം കൊവിഡ് രോഗത്തിനെതിരെ തുടക്കം മുതൽ പുലർത്തിവന്ന ജാഗ്രതയെയും സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ്, വാക്സിനേഷൻ അടക്കമുള്ള കാര്യങ്ങളിൽ നല്ല ചർച്ചയാണ് നടന്നതെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. അവരുടെ നിര്‍ദേശങ്ങള്‍ അവര്‍ തയ്യാറാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതാണ്. പക്ഷിപ്പനിയിലും കൊവിഡിലും കേരളം എടുത്ത മുന്‍കൈയ്യും അവര്‍ സൂചിപ്പിക്കുകയുണ്ടായി. മന്ത്രി അറിയിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ അഭ്യർത്ഥന പ്രകാരം ഏഴാം തീയതിയാണ് കേന്ദ്രസംഘം സംസ്ഥാനത്തെത്തിയത്. കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കണമെന്ന് കെ. സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് ജോയിന്റ് സെക്രട്ടറിയും കൊവിഡ്-19 നോഡല്‍ ഓഫീസറുമായ മിന്‍ഹാജ് അലാം, നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ ഡോ എസ്.കെ സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.