വയനാട്: ദിവസങ്ങളായി മുള്ളൻകൊല്ലി കൊളവള്ളിയിലിറങ്ങിയ കടുവയെ ഒടുവിൽ കണ്ടെത്തി. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനിടെ പാറക്കവലയിൽ കൃഷിയിടത്തിലാണ് വനപാലകർ കടുവയെ കണ്ടെത്തിയത്. തിരച്ചിൽ തുടങ്ങി ഏഴാം ദിവസമാണ് ഭീകരൻ കടുവയെ കണ്ടെത്താനായത്. വനപാലകരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് കടുവ.
കഴിഞ്ഞദിവസം റേഞ്ച് ഓഫീസർ ശശികുമാറിനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കർണാടകയിലേക്ക് പോയിട്ടില്ലെന്ന വിലയിരുത്തലിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇന്ന് പുലർച്ചെ കൃഷിയിടത്ത് കണ്ട കാൽപ്പാടുകൾ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ വഴിയുള്ള നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകർ നടത്തുകയും ചെയ്ത തിരച്ചിലിലാണ് കടുവയെ കണ്ടെത്താനായത്.
ജനവാസമേഖലയിലെത്തിയ കടുവയെ തുരത്താനുള്ള ശ്രമത്തിനിടയിലാണ് ശശികുമാറിനെ കടുവ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ഇടതുനെഞ്ചിലും ചുമലിലും പുറത്തുമാണ് പരിക്കേറ്റത് . ഇദ്ദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.