മണിരത്നം നിർമ്മിക്കുന്ന നവരസ ആന്തോളജി നെറ്റ് ഫ്ളിക്സ് വെബ് സീരീസിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന സമ്മർഓഫ് 92 ചിത്രീകരണം തെങ്കാശിയിൽ പൂർത്തിയായി.35 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഹാസ്യം എന്ന രസത്തെ ആസ്പദമാക്കിയെടുത്തതാണെന്ന് പ്രിയദർശൻ കേരളകൗമുദിയോട് പറഞ്ഞു.ഇന്നസെന്റിന്റേതാണ് കഥ.കുട്ടിക്കാലത്തെ ഒരനുഭവത്തിൽ നിന്ന് ഇന്നസെന്റ് ഉണ്ടാക്കിയെടുത്തതാണ് കഥ.ഒരു പട്ടിയും കുട്ടികളുമാണ് മുഖ്യ കഥാപാത്രങ്ങൾ.നെടുമുടി വേണു,തമിഴ്നടൻ യോഗി ബാബു,വൈ.ജി.മഹേന്ദ്രൻ ,രമ്യാനമ്പീശൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഹംഗാമ 2 ഒരു ഷെഡ്യൂൾ കൂടി
പ്രിയദർശന്റെ ഹിന്ദി ചിത്രം ഹംഗാമ 2 ന്റെ ചിത്രീകരണം ഒരു ഷെഡ്യൂൾ കൂടി കഴിഞ്ഞാൽ പൂർത്തിയാകും. സൂപ്പർ ഹിറ്റായ പ്രിയൻ ചിത്രം ഹംഗാമയുടെ രണ്ടാം ഭാഗമാണിത്.ജാവേദ് ജാഫ്രിയുടെ മകൻ നിസാൻ ജാഫ്രി നായകനാകുന്ന ചിത്രത്തിൽ അക്ഷയ്ഖന്ന അടക്കമുള്ള താരങ്ങളുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ഹംഗാമ ആദ്യഭാഗം ഒരുക്കിയത്.
മരക്കാർ മാർച്ച് 26 ന്
പ്രിയൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാർ,അറബിക്കടലിന്റെ സിംഹം മാർച്ച് 26 ന് റിലീസ് ചെയ്യും. വേൾഡ് വൈഡ് റിലീസായിരിക്കുമെന്ന് പ്രിയൻ പറഞ്ഞു. അപ്പോഴേക്കും വാക്സിൻ ഒക്കെ എടുത്ത് കൊവിഡിന്റെ സാന്ദ്രത കുറയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയൻ ചൂണ്ടിക്കാട്ടി.
ഇഫി ജൂറിയിൽ
ഈ മാസം 16 ന് ഗോവയിൽ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ( ഇഫി ) അന്താരാഷ്ട്ര മത്സര ജൂറിയിൽ പ്രിയദർശനും അംഗമാണ്.വിഖ്യാത സംവിധായകൻ പാബ്ളോ സെസാർ ആണ് ജൂറി ചെയർമാൻ. ജൂറി സ്ക്രീനിംഗ് 14 ന് ആരംഭിക്കും.