ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിൽ വ്യാജ മദ്യം കഴിച്ച് 12 പേർ മരിച്ചു. ഗുരുതരാവസ്ഥയിലായ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൊറേനയിലെ മൻപുർ പൃഥ്വി, പഹവാലി എന്നീ ഗ്രാമങ്ങളിലാണ് സംഭവം. 23നും 55നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇവരിൽ രണ്ടുപേർ സഹോദരന്മാരാണ്. രണ്ടുദിവസം മുമ്പ് മൻപുർ പൃഥ്വി ഗ്രാമത്തിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് കുറച്ചുപേർ അസുഖബാധിതരായതായും റിപ്പോർട്ടുകളുണ്ട്. മൂന്നുമാസത്തിനിടെ മദ്ധ്യപ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വ്യാജമദ്യദുരന്തമാണിത്.
ദുരന്ത വാർത്തയറിഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയെങ്കിലും
രോഷാകുലരായ ഗ്രാമവാസികൾ തടഞ്ഞു. അധികൃതരുടെ ഒത്താശയോടുകൂടിയാണ് ഗ്രാമത്തിൽ വ്യാജമദ്യം വില്ക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് ചമ്പൽ റേഞ്ച് ഐ.ജി. മനോജ് ശർമ പറഞ്ഞു. അതേസമയം, വ്യാജമദ്യം വിൽക്കുന്നവർക്കെതിരെ നടപടിയെടുത്താലേ മൃതദേഹം സംസ്കരിക്കൂ എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
സംഭവത്തിൽ മൻപുർ പൃഥ്വി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉത്തരവിട്ടു. സംഭവത്തിന് ഉത്തരവാദികളായവരെ വെറുതേ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവ്രാജ് ചൗഹാൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും നല്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നിലവിൽ മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ സർക്കാർ ഇടക്കാല സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.