ന്യൂഡൽഹി: ഹുറൂൺ തയ്യാറാക്കിയ, ലോകത്തെ ഏറ്റവും മൂല്യമേറിയ 500 കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് 11 എണ്ണം പിടിച്ചു. പതിനൊന്നും സ്വകാര്യ കമ്പനികൾ. രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 10-ാം സ്ഥാനമാണ്. ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച കമ്പനികളുടെ സംയുക്തമൂല്യം 80,500 കോടി ഡോളറാണ്; ഇത് ഇന്ത്യൻ ജി.ഡി.പിയുടെ മൂന്നിലൊന്ന് വരും. കഴിഞ്ഞവർഷത്തേക്കാൾ മൂല്യവർദ്ധന 14 ശതമാനം.
16,880 കോടി ഡോളർ മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് ഇന്ത്യൻ കമ്പനികളിൽ ഒന്നാമത്. ആഗോളതല റാങ്കിംഗിൽ 54-ാം സ്ഥാനമാണ് റിലയൻസിന്. ടി.സി.എസ്., എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി., കോട്ടക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി എന്നിവയാണ് ഇടംപിടിച്ച മറ്റ് മുൻനിര ഇന്ത്യൻ കമ്പനികൾ.
ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി ആപ്പിൾ ആണ്; മൂല്യം 2.1 ലക്ഷം കോടി ഡോളർ. രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്. പട്ടികയിലെ 242 കമ്പനികളും അമേരിക്കയിലാണ്.