കൊച്ചി : ലൈഫ് മിഷൻ പദ്ധതി നടപ്പാക്കാൻ നയതീരുമാനം എടുത്തെന്നതുകൊണ്ടു മാത്രം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസിൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി തട്ടിപ്പിന്റെ ഉത്തരവാദിത്വം ഉന്നത ഉദ്യോഗസ്ഥർക്കാണെന്നും വ്യക്തമാക്കി.
ലൈഫ് മിഷൻ സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. വീടില്ലാത്തവർക്ക് വീടു നിർമ്മിച്ചു നൽകുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമാണിത്. സംസ്ഥാനതലം, ജില്ലാതലം, തദ്ദേശ ഭരണതലം എന്നിങ്ങനെ മൂന്നു തലങ്ങൾ പദ്ധതിക്കുണ്ട്. സംസ്ഥാനതല മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. തദ്ദേശ ഭരണ വകുപ്പു മന്ത്രിയാണ് കോ- ചെയർമാൻ. ധനകാര്യ, വൈദ്യുതി, ജല വിഭവ, തൊഴിൽ, ഹൗസിംഗ്, സാമൂഹ്യ നീതി, പട്ടികജാതി പട്ടിക വർഗ വികസന വകുപ്പു മന്ത്രിമാർ വൈസ് ചെയർമാൻമാരാണ്. പ്രതിപക്ഷനേതാവ് പ്രത്യേക ക്ഷണിതാവും ചീഫ് സെക്രട്ടറി അംഗവുമാണ്. തദ്ദേശ ഭരണ വകുപ്പു സെക്രട്ടറിയാണ് സംസ്ഥാനതല മിഷന്റെ സെക്രട്ടറി. നയങ്ങൾക്ക് രൂപം നൽകാനും നടപ്പാക്കാനും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സഹായിക്കേണ്ട ചുമതല ഐ.എ.എസ് ഉദ്യോഗസ്ഥർക്കുണ്ട്. നയങ്ങൾ നടപ്പാക്കുമ്പോഴുണ്ടാവുന്ന നിയമപരമായ പ്രത്യാഘാതവും എതിർപ്പും രാഷ്ട്രീയ ഭരണ നേതൃത്വത്തെ രേഖാമൂലം അറിയിക്കേണ്ട ബാദ്ധ്യതയും ഇവർക്കുണ്ട്. പോരായ്മകളും വീഴ്ചകളും കണ്ടെത്തി അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതിന്റെ പേരിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റപ്പെടുത്താനാവില്ല. നിയമപരമായ പ്രത്യാഘാതം രേഖാമൂലം അറിയിക്കാതെ ഐ.എ.എസ് ഉദ്യോഗസ്ഥർ സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ, സന്തോഷ് ഇൗപ്പൻ എന്നിവരുമായി ചേർന്ന് നടപ്പാക്കിയ തട്ടിപ്പാണിത്. ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളാണ് സൂത്രധാരന്മാരെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
വിജിലൻസ് അന്വേഷണം പര്യാപ്തമല്ല
സർക്കാരിനെ അപകീർത്തിപ്പെടുത്താനും ലൈഫ് മിഷൻ പദ്ധതി തകർക്കാനുമാണ് സി.ബി.ഐ അന്വേഷണം നടത്തുന്നതെന്ന സർക്കാരിന്റെ വാദം ഹൈക്കോടതി തള്ളി. ലൈഫ് മിഷൻ പദ്ധതിയിലെ ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടക്കുകയാണെന്ന വാദവും സിംഗിൾബെഞ്ച് സ്വീകരിച്ചില്ല. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ട ക്രമക്കേടാണിത്. ഉചിതമായ ഒരു ഏജൻസി അന്വേഷിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.