കൊച്ചി : സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, കെ.ടി. റമീസ്, സന്ദീപ് നായർ, എ.എം. ജലാൽ, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടി. ജുഡിഷ്യൽ കസ്റ്റഡിയിലെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് കസ്റ്റംസ് അന്വേഷണ സംഘം എറണാകുളത്തെ അഡി. സി.ജെ.എം കോടതിയിൽ റിമാൻഡ് നീട്ടാൻ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അനുവദിച്ചു. ഉന്നത സ്വാധീനമുള്ള പ്രതികൾ ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടിയത്.