പന്തളം: മകരസംക്രമത്തിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് പുറപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പേടകവാഹക സംഘവും ഉദ്യോഗസ്ഥസംഘവും സുരക്ഷാ സംഘവുമാണ് ഘോഷയാത്രയിലുള്ളത്. രാജകുടുംബത്തിൽ കുട്ടി ജനിച്ചതുമൂലമുള്ള ആശൂലമായതിനാൽ രാജപ്രതിനിധി അനുഗമിക്കുന്നില്ല. തിരുവാഭരണപേടകം രാവിലെ 11ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ. നാരായണ വർമ്മ എന്നിവർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ബോർഡംഗം കെ.എസ്. രവി എന്നിവർക്ക് കൈമാറി. തുടർന്ന് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിച്ചു. മേൽശാന്തി പടിഞ്ഞാറേമഠം മഹേഷ് കുമാർ പോറ്റി ശ്രീകോവിലിനു മുന്നിൽ പേടകം തുറന്നു. ഉച്ചയ്ക്ക് ഒന്നിന് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള തിരുവാഭരണപേടകം ശിരസിലേറ്റി യാത്ര പുറപ്പെട്ടു. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവൻപിള്ളയും ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും അനുഗമിച്ചു. പത്തനംതിട്ട എ.ആർ ക്യാമ്പ് അസി. കമാൻഡാന്റ് പി.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 42 അംഗ സായുധപൊലീസ് സംഘം ഘോഷയാത്രയ്ക്കൊപ്പമുണ്ട്. ഘോഷയാത്രാസംഘം ഇന്നലെ രാത്രി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ചു. ഇന്നു പുലർച്ചെ 2ന് അവിടെനിന്ന് പുറപ്പെട്ടു. ഇന്നു രാത്രിയിൽ സംഘം ളാഹയിൽ വനംവകുപ്പിന്റെ സത്രത്തിൽ വിശ്രമിക്കും.