തിരുവനന്തപുരം: ഭരണഘടനയേയും സുപ്രീംകോടതി ഉത്തരവുകളേയും കാറ്റിൽപ്പറത്തി എല്ലാ വകുപ്പുകളിലും താത്കാലിക ജീവനക്കാരെ തകൃതിയായി സ്ഥിരപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. കിലയിൽ കരാർ, ദിവസ വേതനക്കാരായ പത്ത് പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഫയലിൽ, സുപ്രീംകോടതി ഉത്തരവിന് എതിരും നിയമവിരുദ്ധവുമാണെന്നാണ് നിയമവകുപ്പ് എഴുതിയത്. നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ?കിൻഫ്ര കോ-ഓർഡിനേഷൻ ജൂനിയർ മാനേജരായി ഷൊർണൂർ എം.എൽ.എ പി.കെ. ശശിയുടെ മകൻ രാഖിലിനെ നിയമിച്ചു. രാഖിലിന് പ്രവൃത്തി പരിചയമില്ല. അസിസ്റ്റ്ന്റ് മാനേജരായി (കോ-ഓർഡിനേഷൻ) ഇ.പി. ജയരാജന്റെ അടുപ്പക്കാരനും ആന്തൂർ മുനിസിപ്പാലിറ്റിയിലെ കൗൺസിലറുമായിരുന്ന എ. കണ്ണന്റെ മകൻ നിഖിലിനെ നിയമിച്ചു. ഡെപ്യൂട്ടി മാനേജരായി (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) നിയമിക്കപ്പെട്ട യു.എസ്. രാഹുൽ, റിയാബിന്റെ ചെയർമാനും സി.പി.എമ്മുകാരനുമായ എൻ. ശശിധരൻ നായരുടെ മകളുടെ ഭർത്താവാണ്. പിണറായി വിജയൻ വൈദ്യുതിമന്ത്രിയായിരുന്നപ്പോൾ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരൻ നായർ. രാഹുലിന് യോഗ്യതയില്ലാതിരുന്നതിനാൽ ആദ്യവിജ്ഞാപനം മരവിപ്പിച്ച് രണ്ടാമത് യോഗ്യത കുറച്ച് വിജ്ഞാപനമിറക്കിയെന്നും ചെന്നിത്തല പറഞ്ഞു.