കൊല്ലം: കൊല്ലം പട്ടണത്തിൽ പുലർച്ചെ സ്കൂട്ടറിലെത്തിയ മത്സ്യ വിൽപ്പനക്കാരനെ തടഞ്ഞുനിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി, രക്ഷപ്പെട്ട മത്സ്യവ്യാപാരി പൊലീസ് സ്റ്റേഷനിൽ അഭയംതേടി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വാളത്തുംഗൽ സ്വദേശിയായ സജീവിനെയാണ് (36) ഭീഷണിപ്പെടുത്തിയത്. വാടി കടപ്പുറത്ത് നിന്നും മത്സ്യം വാങ്ങാനായി പോവുകയായിരുന്നു സജീവ്. മത്സ്യം ലേലത്തിൽ വാങ്ങുന്നതിനുള്ള പണവും കൈവശമുണ്ടായിരുന്നു.
ദേശീയപാതയിൽ പള്ളിമുക്ക് ഭാഗത്ത് നിന്നും ബുള്ളറ്റിൽ ഒരാൾ പിൻതുടർന്നു. കൊല്ലം ഭീമാ ജൂവലറിയ്ക്ക് മുന്നിലെത്തിയതോടെ ബുള്ളറ്റ് യാത്രികൻ സജീവിന്റെ സ്കൂട്ടറിന് മുന്നിൽ തടയിട്ട് നിർത്തി. കൈവശമുണ്ടായിരുന്ന കത്തിയുമായി ചാടി ഇറങ്ങിയപ്പോഴേക്കും സജീവ് സ്കൂട്ടർ വെട്ടിച്ചുമാറ്റി മുന്നോട്ടുപോവുകയും ഈസ്റ്റ് സ്റ്റേഷനിൽ അഭയം തേടുകയുമായിരുന്നു. ഹെൽമറ്റ് ഇല്ലാത്തയാളാണ് ബുള്ളറ്റിലെത്തിയത്. മാസ്ക് ധരിച്ചിട്ടുള്ളതിനാൽ മുഖം വ്യക്തമല്ലെന്ന് സജീവ് പൊലീസിനോട് പറഞ്ഞു.
തുടർന്ന് പൊലീസ് പ്രദേശത്ത് അന്വേഷണം നടത്തി. സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പണം അപഹരിക്കാനുള്ള ശ്രമമായിരിക്കണമെന്നാണ് പൊലീസിന്റെയും നിഗമനം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും ആഢംബര കാർ കടത്തിക്കൊണ്ടുവന്നത് ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ ഡ്രൈവർ പൊലീസിനെ വെട്ടിച്ച് കടന്നതിനാൽ ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. ആ നിലയിൽ മോഷ്ടിച്ച ബുള്ളറ്റിൽ കവർച്ചയ്ക്ക് ഇറങ്ങിയ ആളാകുമെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ഊർജ്ജിതമാക്കിയതായി ഈസ്റ്റ് പൊലീസ് അറിയിച്ചു.