ന്യൂഡൽഹി : കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് കർഷകരുടെ സമരം കൂടുതൽ ശക്തമായിരിക്കെ ഹരിയാനയിലെ ബി ജെ പി നേതാക്കൾ ആശങ്കയിലാണ്. സംസ്ഥാനത്തെ അറുപതോളം ഗ്രാമങ്ങളിൽ ബി ജെ പിയുടെയും സഖ്യകക്ഷിയായ ജെ ജെ പി (ജന്നായക് ജനതാ പാർട്ടി)യുടേയും നേതാക്കളെ കാലുകുത്താൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് കർഷകരിപ്പോൾ. ഇതിന്റെ ഭാഗമായി ഭരണകക്ഷിയിൽ പെട്ട എം എൽ എമാരെയും മന്ത്രിമാരെയും ബഹിഷ്കരിക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം. ഇതു സംബന്ധിച്ചുള്ള പ്രമേയങ്ങളും പാസാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബി ജെ പി, ജെ ജെ പി നേതാക്കൾ കർഷകരുടെ കോപത്തിന് പാത്രമായിരിക്കുകയാണ്. എന്നാൽ ഹരിയാനയിലെ സർക്കാർ നിലവിൽ ഭീഷണികൾ ഒന്നും നേരിടുന്നില്ലെന്നാണ് ഉന്നത നേതാക്കൾ പറയുന്നത്. ബി ജെ പി ജെ ജെ പി സഖ്യ സർക്കാരിനു ഭീഷണിയൊന്നുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങ് കർഷക പ്രതിഷേധത്താൽ അലങ്കോലപ്പെട്ടിരുന്നു. 'കിസാൻ മഹാപഞ്ചായത്ത്' പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാനെത്തവേയാണ് വേദി തല്ലിത്തകർത്ത് പ്രതിഷേധക്കാർ രോഷം തീർത്തത്. തുടർന്ന് പരിപാടി റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ നിലം തൊടേണ്ടിയിരുന്ന ഹെലിപാഡിൽ കറുത്ത തുണികൾ വിരിച്ചും പ്രതിഷേധം നടത്തിയിരുന്നു. പൊലീസ് സ്ഥാപിച്ച ആറോളം ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഇവിടെ എത്തിച്ചേർന്നത്. കേന്ദ്ര കാർഷിക നിയമങ്ങളുടെ ഗുണങ്ങളെ കുറിച്ച് കർഷകരെ മനസിലാക്കുന്നതിന് വേണ്ടിയാണ് കിസാൻ മഹാപഞ്ചായത്ത് എന്ന പരിപാടി ഹരിയാന സർക്കാർ സംഘടിപ്പിച്ചത്.