വാഷിംഗ്ടൺ: എഴുപത് വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയ്ക്ക് വധശിക്ഷ നൽകിയിരിക്കുകയാണ് അമേരിക്ക. കൻസാസ് സ്വദേശിയായ ലിസ മോണ്ട്ഗോമറി എന്ന 52 കാരിയെയാണ് ഇന്ന് പുലർച്ച വധശിക്ഷയ്ക്ക് വിധേയയാക്കിയത്. രണ്ട് പതിറ്റാണ്ടോളം വധശിക്ഷ നിറുത്തിവെച്ച അമേരിക്കൻ നീതിന്യായ വകുപ്പ് കഴിഞ്ഞ ജൂലായിൽ നടപടി പുനഃരാരംഭിക്കുകയായിരുന്നു. അമേരിക്കയെ ഏറെ ഞെട്ടിച്ച കൊലപാതകമായിരുന്നു ലിസയ്ക്ക് മേൽ ചുമത്തിയിരുന്നത്. 1953 ന് ശേഷം രാജ്യത്ത് ആദ്യമായിട്ടാണ് ഒരു വനിത അമേരിക്കയിൽ നീതിപുസ്തകത്തിലെ ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷയ്ക്ക് വിധേയയാകുന്നത്.
2004ൽ നടന്ന ഒരു കൊലപാതകത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെയാണ് ലിസ മോണ്ട്ഗോമറിക്ക് കോടതി വധശിക്ഷ വിധിച്ചത്. എട്ട് മാസം ഗർഭിണിയായ ബോബി ജോ സ്റ്റിന്നറ്റിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് കോടതി ലിസയ്ക്ക് വധശിക്ഷ വിധിച്ചത്. കൃത്യം നടത്തിയ ശേഷം അടുക്കളയിലെ കത്തി ഉപയോഗിച്ച് യുവതിയുടെ വയർ പിളർന്ന് ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെയെടുത്ത് ഇവർ രക്ഷപെടുകയായിരുന്നു. കുഞ്ഞ് തന്റേതാണെന്ന ഭാവത്തിൽ രക്ഷപ്പെടാനായിരുന്നു ലിസയുടെ പദ്ധതി. എന്നാൽ തന്റെ ഫാം ഹൗസിൽ ഒളിച്ച് താമസിക്കുകയായിരുന്ന ലിസയെ കുഞ്ഞിനോടൊപ്പം തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2007ൽ അമേരിക്കയിലെ ഒരു ജില്ലാ കോടതി ലിസയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. കൊലപാതക സമയത്ത് ലിസയ്ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇത് കോടതി തള്ളുകയായിരുന്നു. അതേസമയം, ലിസയുടെ വധശിക്ഷ നടപ്പാക്കില്ലെന്നും ബാലപീഡനത്തിന്റെ ഇരയായ അവർ മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നുണ്ടന്നുമാണ് അഭിഭാഷകയുടെ നിലപാട്.
കുട്ടിക്കാലത്ത് രണ്ടാനച്ഛനിൽ നിന്നും ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ലിസ ഇരയായിരുന്നു.
ശരീരത്തിൽ വിഷം കുത്തിവച്ചാണ് അമേരിക്കയിൽ വധ ശിക്ഷ നടപ്പിലാക്കുന്നത്. വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ട് മുൻപ് അന്ത്യാഭിലാഷം എന്തെങ്കിലുമുണ്ടോ, അവസാനമായി പറയുവാൻ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഒറ്റവാക്കിൽ മറുപടി നൽകിയ ലിസ പ്രത്യേക ഭാവവ്യത്യാസങ്ങളൊന്നും കാട്ടാതെയാണ് മരണവിധിയെ നേരിട്ടത്. അമേരിക്കൻ സമയം പുലർച്ചെ ഒന്നരയോടെയാണ് ലിസ മോണ്ട്ഗോമറി മരണപ്പെട്ടതായി ജയിൽ ആശുപത്രിയിലെ ഡോക്ടർ സാക്ഷ്യപ്പെടുത്തിയത്.
ഡൊണൾഡ് ട്രംപ് യു എസ് പ്രസിഡന്റായി അധികാരത്തിൽ വന്നതിന് ശേഷമാണ് യു.എസിൽ വീണ്ടും വധശിക്ഷ പുനഃരാരംഭിച്ചത്. മൂന്ന് പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ ഡാനിയേൽ ലൂയി ലീ എന്നയാളെയായിരുന്നു ആദ്യം വധശിക്ഷയ്ക്ക് വിധേയനാക്കിയത്. അതിന് ശേഷം വിഷം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കിയ പതിനൊന്നാമത്തെയാളാണ് ലിസ മോണ്ട്ഗോമറി.