മുംബയ്: ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച യുവാവ് ഡാമിൽ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയിലാണ് കാർ ഡാമിൽ വീണ് കഴിഞ്ഞ ദിവസം രാത്രി അപകടമുണ്ടായത്. പുനെ സ്വദേശിയായ സതിഷ ഗുലെ (34) ആണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരുശേഖർ, സമീർ രാജുർകർ എന്നിവർ രക്ഷപ്പെട്ടു. നാട്ടുകാരാണ് അപകടത്തിൽപ്പെട്ട കാർ അണക്കെട്ടിൽ നിന്ന് പുറത്തെടുത്തത്.
മഹാരാഷ്ട്രയിലെ ഉയരം കൂടിയ കൊടുമുടിയായ സൂബായിലേക്ക് ട്രക്കിംഗിന് പുറപ്പെട്ടതായിരുന്നു ഇവർ. കോട്ടുലിൽ നിന്ന് അകോലെയിലേക്കുളള എളുപ്പവഴിയ്ക്ക് വേണ്ടിയാണ് ഇവർ ഗൂഗിൽ മാപ്പിനെ ആശ്രയിച്ചതെന്നാണ് വിവരം. എന്നാൽ മഴക്കാലത്തുണ്ടായ പ്രളയത്തെ തുടർന്ന് പാലം മുങ്ങി അപകടാവസ്ഥയിലായ വഴിയിൽ ഗതാഗതം നിരോധിച്ചിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പുകൾ ഇല്ലാതിരുന്നതും അപകടത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്.