തിരുവന്തപുരം : സംസ്ഥാനത്തെ മദ്യവില വർദ്ധന നടപ്പിലാക്കാൻ തീരുമാനം. നിലവിൽ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ 7 ശതമാനം വർദ്ധന അനുവദിച്ചു. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവിൽ വരും
രണ്ട് ദിവസത്തിനുള്ളിൽ സമ്മതപത്രം നൽകണമെന്നാവശ്യപ്പെട്ട് വിതരണ കമ്പനികൾക്ക് ബെവ്കോ കത്തയച്ചു.
മദ്യ ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ അഥവാ സ്പിരിറ്റിന്റെ വില വർധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. പോയവർഷം കമ്പനികൾ പുതിയ ടെണ്ടർ സമർപ്പിച്ചെങ്കിലും കൊവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.
നിലവിൽ ബെവ്കോയുമായി കരാറുള്ള കമ്പനികളുടെ ഈ വർഷത്തേക്കുള്ള വിതരണ കരാറിൽ പരമാവധി 7 ശതമാനം വർധനയാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം ടെണ്ടർ നൽകിയ പുതിയ ബ്രാൻഡുകൾക്ക് വാഗ്ദാനം ചെയ്ത തുകയിൽ 5 ശതമാനം കുറച്ച് കരാർ നൽകും.
ബിയറിനും വൈനിനും വില വർധനയില്ല. പോയവർഷത്തെ നിരക്കിൽ തന്നെ ബെവ്കോയ്ക്ക് വിതരണം ചെയ്യണം. മദ്യത്തിന്റെ ചില്ലറ വിൽപ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്തും. നിലവിലുള്ള ബ്രാൻഡുകൾ പേരിനൊപ്പം സ്ട്രോംഗ്, പ്രീമിയം, ഡിലക്സ് എന്ന് പേര് ചെർത്ത് പുതിയ ടെണ്ടർ നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വർധന അനുവദിക്കില്ല.
ബെവ്കോ തീരുമാനം വിതരണക്കാരെ രേഖാ മൂലം അറിയിച്ചു. താത്പര്യമുള്ള വിതരണക്കാർ വെള്ളിയാഴ്ച ഉച്ചയ്ക്കു മുമ്പ് തീരുമാനം ബെവ്കോയെ അറിയിക്കണം.