കണ്ണൂർ: കാലഹരണപ്പെട്ടെന്ന് കരുതിയ സൈക്കിൾ സവാരി വീണ്ടും ആസ്വദിക്കാൻ കണ്ണൂരുകാർക്ക് അവസരമൊരുക്കുകയാണ് ബൈസിക്കളോ .നാലു ചെറുപ്പക്കാർ ചേർന്ന് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ആരംഭിച്ച വേറിട്ട ഈ സംരംഭം കണ്ണൂരുകാരുടെ വ്യായാമത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും കൂടി ഭാഗമാവുകയാണ്.
ഗിയർ സൈക്കിളുകളുടെ വില പലർക്കും താങ്ങാൻ കഴിയാത്ത ഘട്ടത്തിലാണ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മുഹമ്മദ് റംഷിദ്, ചാർട്ടേഡ് അക്കൗണ്ടിംഗ് വിദ്യാർത്ഥിയായ കെ.വി. മുഹമ്മദ്, എൻജിനീയറിംഗ് ബിരുദധാരികളായ മസർ ജബ്ബാർ, ഷാസ് ജമാലുദ്ദീൻ എന്നീ നാല് ചെറുപ്പക്കാരിലേക്ക് ബൈസിക്കളോ എന്ന ആശയം കടന്നുവരുന്നത്. പിന്നീട് കോർപ്പറേഷനുമായി ബന്ധപ്പെട്ട് ലൈസൻസ് നേടി. ലോക്ക്ഡൗണിന് ശേഷം കണ്ണൂർ പയ്യാമ്പലത്ത് സൈക്കിളിംഗിനായി ബൈസിക്കളോ സജ്ജീകരിക്കുകയും ചെയ്തു. രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ലഭിച്ച മികച്ച പ്രതികരണം മുൻപോട്ട് പോകാനുള്ള വലിയ ആത്മവിശ്വാസം ഇവർക്ക് നൽകുകയായിരുന്നു.പയ്യാമ്പലം ബീച്ചിൽ വിനോദത്തിനും വ്യായാമത്തിനുമായി എത്തുന്നവർക്ക് പയ്യാമ്പലത്തിന്റെ മനോഹാരിത ആസ്വദിച്ച് സൈക്കിൾ സവാരിക്ക് ഒരിടം ഒരുക്കുകയാണ് ഈ നാലു ചെറുപ്പക്കാർ .
സാധാരണ സൈക്കിളുകളും
പുത്തൻ ഗിയർ സൈക്കിൾ മുതൽ സാധാരണ സൈക്കിളുകൾ വരെ ഇവർ ചാർജ് ഈടാക്കിക്കൊണ്ട് ഓടിക്കുവാൻ നൽകുന്നു.10,000 മുതൽ 45,000 വരെ രൂപ വരുന്ന സൈക്കിളുകളാണ് ഇവിടെ വാടകയ്ക്ക് നൽകുന്നത്. മണിക്കൂറിന് 10 രൂപ മുതൽ 100 രൂപ വരെയാണ് ചാർജ്. രാവിലെ 6.30 മുതൽ 10 വരെയും വൈകീട്ട് 4 മുതൽ 6 വരെയുമാണ് സമയം. യുവാക്കളെ ലക്ഷ്യമിട്ട് തുടങ്ങിയതാണെങ്കിലും മധ്യവയ്സകരാണ് കൂടുതൽ എത്തിച്ചേരുന്നത്. ദിവസവും വ്യായാമത്തിന് എത്തിയിരുന്നവരിൽ പലരും ഇപ്പോൾ സ്ഥിരം സൈക്കിൾ റൈഡർമാരായി മാറിയിരിക്കുന്നു എന്നും ഇവർ പറയുന്നു. പയ്യാമ്പലത്തിന്റെ ഭംഗി ആസ്വദിച്ച് കടലിനോട് ചേർന്നുള്ള ഈ സൈക്കിൾ സവാരി കണ്ണൂരുകാർക്ക് നല്ലൊരു വ്യായാമവും മാനസിക ഉല്ലാസവുമായി മാറിയിരിക്കുകയാണ് .
വേറിട്ട ഒരു സംരംഭം എന്ന നിലയിലാണ് ബൈസിക്കളോ ആരംഭിക്കുന്നത്. മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്. ചെറുപ്പക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ചതാണെങ്കിലും 40 വയസ്സ് കഴിഞ്ഞ നിരവധി പേർ ദിവസവും വരുന്നുണ്ട്. പെൺകുട്ടികളും ധാരാളം എത്തുന്നുണ്ട്.
മുഹമ്മദ് റംഷിദ്,പാർട്ട്ണർ , ബൈസിക്കളോ