കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊട്ടിയത്ത് റംസിയെന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം നിലച്ചു. കേസിൽ ക്രൈംബ്രാഞ്ച് സംഘം പ്രതിചേർത്ത നടിയുൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യത്തിനെതിരെ ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത അപ്പീലിൽ ഹൈക്കോടതി പരിഗണന വൈകുകയും അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന എസ്.പി കെ.ജി. സൈമൺ വിരമിക്കുകയും ചെയ്തതാണ് അന്വേഷണത്തിന് തടസമായത്.അതിനിടെ, കേസിലെ പ്രധാനപ്രതിയായ പ്രതിശ്രുത വരൻ ഹാരിസിന് കോടതി ജാമ്യം അനുവദിക്കുകകൂടി ചെയ്തതോടെ അന്വേഷണവും കുറ്റപത്ര സമർപ്പണവും വൈകുന്നത് റംസിക്ക് നീതി നിഷേധിക്കാൻ ഇടയാക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. ഹൈക്കോടതിയിൽ അപ്പീൽ ഹർജി ഉടൻ പരിഗണനയ്ക്കെടുക്കുന്നതിനും നടിയ്ക്കും കൂട്ടർക്കുമെതിരായ അന്വേഷണവും കുറ്റപത്ര സമർപ്പണവും ഉടൻ പൂർത്തിയാക്കുന്നതിനും സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് റംസിയുടെ പിതാവ് റഹിം ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഹൈക്കോടതി തീരുമാനം കാത്ത് ക്രൈംബ്രാഞ്ച്
കേസ് അന്വേഷണം വേഗം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ സഹായത്തോടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തെങ്കിലേ റംസിയുടെ കുടുംബത്തിന് നീതി ലഭ്യമാകൂ.
എന്നാൽ, അപ്പീൽ ഹർജിയിൽ തീരുമാനമാകാതെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ നടിയെയോ മറ്റ് പ്രതികളെയോ ചോദ്യം ചെയ്യാനോ കേസിന്റെ ആവശ്യങ്ങൾക്കോ വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ചിന് കഴിയില്ല.
അതിനാൽ കേസിന്റെ തുടരന്വേഷണത്തിനും നടപടികൾക്കും ഹൈക്കോടതി തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ്
ക്രൈംബ്രാഞ്ചും റംസിയുടെ കുടുംബവും.
കേസിൽ സീരിയൽ നടി ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച അപ്പീലിൽ പ്രതികളോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കേസ് പിന്നീട് കോടതിയുടെ പരിഗണനയ്ക്കെത്തിയില്ല.
റംസിയെ പീഡനത്തിനും ഗർഭച്ഛിദ്രത്തിനും ഇരയാക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത നടി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റും ചോദ്യം ചെയ്യലും കോടതി തീരുമാനം വരാത്തതിനാൽ നീളുകയാണ്.
ഇത് സംബന്ധിച്ച ആശങ്ക റംസിയുടെ പിതാവ് റഹിം ക്രൈം ബ്രാഞ്ചുമായി പങ്കുവച്ചെങ്കിലും നിയമവിദഗ്ദ്ധരുടെ സഹായത്തോടെ കേസ് പരിഗണിക്കുന്നതിനാവശ്യമായ നടപടിയൊന്നും ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
കേസ് പരിഗണനയ്ക്ക് വന്നില്ല
മുൻകൂർ ജാമ്യം എതിർത്തുള്ള അപ്പീലിൽ കഴിഞ്ഞ നവംബർ 11ന് മുൻപ് വിശദീകരണം നൽകാനായിരുന്നു നടിയുൾപ്പെടെയുള്ളവർക്ക് കോടതി സമയം അനുവദിച്ചിരുന്നത്.
ഹൈക്കോടതിയിൽ പ്രതിഭാഗം വിശദീകരണം സമർപ്പിച്ചെങ്കിലും കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നില്ല. കേസിൽ നിർണായക തെളിവുകൾ ശേഖരിക്കുന്നതിന് നടിയുൾപ്പെടെയുള്ളവരെ കാലതാമസം കൂടാതെ ചോദ്യം ചെയ്യേണ്ടതുണ്ട്.
കോടതി തീരുമാനത്തിന് വിധേയമായി അന്വേഷണം റംസിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കി തെളിവ് നശിപ്പിക്കാനും ഗർഭച്ഛിദ്രത്തിന് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമയ്ക്കാനും കൂട്ടുനിന്നുവെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് സീരിയൽ നടി ലക്ഷ്മി പി.പ്രമോദിനും ഭർത്താവ് അസറുദ്ദീനും എതിരെ പൊലീസ് ആരോപിച്ചിരിക്കുന്ന കുറ്റം.
തെളിവുകൾ ശേഖരിക്കണം
ഇതുൾപ്പെടെ ആത്മഹത്യാപ്രേരണ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഹാരിസിന്റെ മാതാവ് ആരിഫാബീവിയ്ക്കെതിരെ ഉന്നയിച്ചിരുന്നത്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും റംസിയുടെ കുടുംബത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നതാണ് ഹാരിസിനെതിരെ പൊലീസ് ആരോപിച്ചിരിക്കുന്ന കുറ്റം. വിവാഹം കഴിക്കാനെന്ന പേരിൽ വ്യാജ രേഖകൾ ചമച്ച ഹാരിസ് അത് ഉപയോഗിച്ച് ഗർഭച്ഛിദ്രം നടത്തുകയും ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തുകയും ചെയ്തതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്പീൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കോടതി തീരുമാനത്തിന് വിധേയമായേ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണ നടപടികൾ പൂർത്തീകരിക്കാൻ കഴിയൂ. പ്രതികളെ ചോദ്യം ചെയ്യുന്നതിനും അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനും കഴിയാത്ത സ്ഥിതിയാണുള്ളത്. നടി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്ത് മൊഴികളും തെളിവുകളും ശേഖരിക്കുകയും അറസ്റ്റ് നടത്തുകയും ചെയ്താലേ അന്വേഷണം പൂർത്തീകരിക്കാനാകൂ.
മേൽനോട്ടം ആർക്ക്?
കൂടത്തായി കൂട്ടക്കൊലക്കേസുൾപ്പെടെ വിവാദമായ നിരവധി കുറ്റകൃത്യങ്ങൾക്ക് തുമ്പുണ്ടാക്കിയ പത്തനംതിട്ട എസ്.പിയും കൊല്ലം ക്രൈംബ്രാഞ്ച് എസ്.പിയുടെ അധികചുമതലയുമുണ്ടായിരുന്ന കെ.ജി. സൈമണായിരുന്നു റംസിക്കേസിന്റെ അന്വേഷണ ചുമതല. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന റംസിയുടെ കുടുംബത്തിന്റെ ആക്ഷേപത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ, എസ്.പി കെ.ജി. സൈമൺ ഇക്കഴിഞ്ഞമാസം വിരമിച്ചതോടെ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസിന് കൊല്ലം ക്രൈംബ്രാഞ്ചിന്റെ അധിക ചുമതലയുണ്ടെങ്കിലും റംസിക്കേസ് മേൽനോട്ടവും അദ്ദേഹത്തിന് തന്നെയാണോയെന്ന് വ്യക്തമായിട്ടില്ല. ഹൈക്കോടതിയിൽ കേസ് അനിശ്ചിതമായി നീളുകയും അന്വേഷണം തടസപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് റംസിയുടെ കുടുംബം വീണ്ടും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്. സർക്കാർ ഇടപെടലുണ്ടാകാത്ത പക്ഷം അടുത്തയാഴ്ച കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്താനാണ് റംസിയുടെ വീട്ടുകാരുടെ തീരുമാനം.