ലണ്ടൻ : ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ.. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനിൽ കണ്ടെത്തിയതായും എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ ആവശ്യമുണ്ടെന്നും ഡബ്ലിയു.എച്ച്.ഒ പറയുന്നു.
ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെക്കുറിച്ച് 2020 ഡിസംബർ 14 നാണ് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ടു ചെയ്യപ്പെട്ടത്. അതിനകം വൈറസ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാൽ വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ ഡിസംബർ 18 ന് കണ്ടെത്തിയ വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മുൻപുള്ളതിനെക്കാൾ അതിവേഗം പടർന്നു പിടിക്കാൻ സാദ്ധ്യതയുള്ളതാണ് ഇതെന്നും കണ്ടെത്തിയിട്ചുണ്ട്.. അത് തീവ്രരോഗാവസ്ഥയ്ക്ക് കാരണമാകാൻ സാദ്ധ്യതയില്ലെങ്കിലും രോഗബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിപ്പിക്കാൻ ഇടയാക്കും. ഇത് വഴി ആരോഗ്യരംഗത്തെ സമ്മർദ്ദത്തിലാക്കാനും വഴിയൊരുക്കുന്നു..