തിരുവനന്തപുരം: സംശുദ്ധം, സൽഭരണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം ഇങ്ങനെ. കൈത്താങ്ങ്, നിക്ഷേപം, തൊഴിൽ, കരുതൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും യു.ഡി.എഫ് പ്രകടനപത്രികയുടെ കരട് പുറത്തിറക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവരുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ നിക്ഷേപിക്കുന്ന ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. ഭക്ഷ്യ കിറ്റെന്ന ആശയം കൊണ്ടുവന്നത് യു.ഡി.എഫാണ്. ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ജനങ്ങളോട് കൂടിയാലോചിച്ചാകും പ്രകടനപത്രിക തയാറാക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും aishwaryakeralam@gmail.com, peoplesmanifesto2021@gmail.com എന്നീ ഇ- മെയിൽ വിലാസങ്ങളിൽ അറിയിക്കാം. ഡോ. ശശി തരൂർ എം.പിയെ പോലുള്ളവരുമായി കൂടിയാലോചിച്ച് പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകും. യു.ഡി.എഫ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ യോഗം 17 മുതൽ 20വരെ വിവിധ ജില്ലകളിൽ നടക്കും. 17നു രാവിലെ 10ന് കണ്ണൂർ, കാസർകോട് ജില്ലകളുടെ യോഗം കണ്ണൂരിലും, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യോഗം വൈകിട്ട് 3 ന് കോഴിക്കോട്ടും ചേരും. 18 നു രാവിലെ 10 ന് പാലക്കാട്ടും വൈകിട്ട് 3ന് തൃശൂരിലുമാണ് യോഗം.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ യോഗം 19ന് രാവിലെ 10ന് കോട്ടയത്തും എറണാകുളം, ആലപ്പുഴ ജില്ലകളുടെ യോഗം വൈകിട്ട് 3ന് എറണാകുളത്തും ചേരും. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ യോഗം 20ന് കൊല്ലത്താണ്. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ ബെന്നി ബെഹ്നാൻ എം.പി, അംഗങ്ങളും എം.എൽ.എമാരുമായ എം.കെ. മുനീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പങ്കെടുത്തു.