ഈ വല്ലിയിൽനിന്നു ചെമ്മേ, പൂക്കൾ പോകുന്നിതാ പറന്നമ്മേ... എന്ന അനുഭവമാണ് യേശുദാസ് പാടുമ്പോൾ. അക്ഷരങ്ങൾ അപ്പൂപ്പൻ താടിപോലെ വായുവിൽ പറന്നുല്ലസിക്കുന്നു. സംസ്കൃത ഭാഷയുടെ കടുപ്പം കലർന്ന 'ഹരിവരാസനം ...' എന്ന കീർത്തനത്തെ ഇത്രയും ജനകീയവും വശ്യവുമാക്കിയത് യേശുദാസിന്റെ സ്വരമാധുരിയാണെന്ന് എല്ലാവർക്കുമറിയാം. അക്ഷരങ്ങളെ ചിത്രശലഭങ്ങളാക്കാനുള്ള ആ സംഗീതസിദ്ധിക്കു മുന്നിൽ വന്ദനം.
നാവിൽ ദൈവചുംബനം കിട്ടിയ യേശുദാസിന് 81 വയസ് കഴിഞ്ഞു. ആ സ്വരഗംഗയ്ക്ക് ഇന്നും 18 വയസ്. ചലച്ചിത്രഗാനത്തിന്റെ മാസ്മരിക ലോകത്തേക്കുള്ള യേശുദാസിന്റെ രംഗപ്രവേശനത്തിന് രണ്ട് വിസ്മയങ്ങളുടെ അനുഗ്രഹം കൂടി ഉണ്ടായിരുന്നു. ഭാരതം ശിശുദിനമായി ആഘോഷിക്കുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തിലാണ് കെ.ജെ. യേശുദാസ് ചലച്ചിത്രഗാനത്തിന്റെ മാസ്മരിക ലോകത്തേക്ക് പ്രവേശിച്ചത്. മതാതീത ആത്മീയതയുടെ പ്രവാചകനായ ശ്രീനാരായണഗുരുവിന്റെ കീർത്തനം ആലപിച്ചു കൊണ്ടായിരുന്നു പ്രശസ്തിയുടെ കൊടുമുടിയിലേക്കുള്ള തീർത്ഥയാത്ര. തങ്കലിപികളാൽ എഴുതപ്പെട്ട സംഗീതമായിരുന്നു ലഭിച്ചിരുന്നതെങ്കിലും 'നല്ല തങ്ക' യിൽ പാടാനുള്ള അവസരം യേശുദാസിന് നിഷേധിക്കപ്പെട്ടു. തുടർന്ന് 1961 നവംബർ 14നാണ് ആദ്യഗാനം റെക്കാഡ് ചെയ്തത്. കെ.എസ്. ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകൾ എന്ന സിനിമയിൽ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. എം.ബി.ശ്രീനിവാസൻ ഈണം പകർന്ന കീർത്തനം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലാണ് റെക്കാർഡ് ചെയ്തത്. ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പരാജയപ്പെട്ട ചരിത്രവുമുണ്ട് യേശുദാസിന് ! സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി 1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലെ റോമൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ച യേശുദാസ് നാട്ടുകാർക്ക് പ്രിയപ്പെട്ട ദാസപ്പൻ ആയിരുന്നു. ആ സ്വരമാധുരി ചിറകടിച്ചുയർന്നതോടെ ലോകമെങ്ങുമുള്ള മലയാളികൾക്ക് സംഗീതപ്രപഞ്ചത്തിലെ നിത്യതയാർന്ന ഗന്ധർവനായി യേശുദാസ്.
'ഗുരുവായൂരമ്പലനടയിൽ
ഒരുദിവസം ഞാൻ പോകും
ഗോപുരവാതിൽ തുറക്കും, ഞാൻ
ഗോപകുമാരനെ കാണും
ഓമൽച്ചൊടികൾ ചുംബിക്കും
ഓടക്കുഴൽ ഞാൻ ചോദിക്കും’- എന്ന ഗാനം കേൾക്കുമ്പോൾ ഏത് ദൈവത്തിനാണ് കാതോർക്കാനും കണ്ണുതുറക്കാനും കഴിയാതിരിക്കുക. ഗോപകുമാരന്റെ ഓടക്കുഴൽ ചോദിക്കാൻ യേശുദാസിനോളം അർഹനായി മറ്റൊരാളുമില്ലെന്ന് ഈ വരികൾക്ക് ജന്മം നൽകിയ വയലാർ രാമവർമ്മ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേ
രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഉള്ളതിനേക്കാൾ വിപത്തുകൾ ഉള്ളൊരു മേഖലയാണ് സംഗീതം. ദൈവം ചൊരിഞ്ഞ അനുഗ്രഹം എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നത് പരമ പ്രധാനമായ കാര്യമാണ്. അത് എത്രയും വിശുദ്ധവും ഫലപ്രദവുമായി വിനിയോഗിച്ചു എന്നതാണ് യേശുദാസിന്റെ മഹിമ. ദശാബ്ദങ്ങൾക്കു മുമ്പ് അദ്ദേഹത്തെ നേരിട്ടു കാണുമ്പോൾ തോന്നിയത് ഏതോ ക്ഷേത്രനടയിൽ നിൽക്കും പോലെയാണ്. 'സർ മുൻ ശുണ്ഠിക്കാരനാണെന്ന് കേട്ടിട്ടുണ്ടല്ലോ' എന്ന എന്റെ ചോദ്യം കേൾക്കുമ്പോൾ ദേഷ്യപ്പെട്ടേക്കും എന്നാണ് കരുതിയത്. അങ്ങനെയല്ല സംഭവിച്ചത്. 'ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ' എന്ന മറുചോദ്യമായിരുന്നു ഉത്തരം. ആ കാൽക്കൽ ഒരിക്കൽകൂടി വന്ദിച്ചു. ഗന്ധർവന്റെ സംഗീതലോകത്തേക്ക് ഒരു ചെറിയ കിളിവാതിൽ തുറന്നുകിട്ടിയ ആനന്ദത്തിൽ സംസാരിച്ചിരിക്കവേ ആ രാത്രിക്ക് നിലാവ് ശ്രുതിമീട്ടുന്നത് കേൾക്കാമായിരുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ റിസർച്ചേഴ്സ് ഹോസ്റ്റലിൽനിന്ന് ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജിന്റെ ബൈക്കിനു പിന്നിലിരുന്നായിരുന്നു ഗന്ധർവസന്നിധിയിലേക്കുള്ള യാത്ര. മലയാളികളുടെ പ്രണയസങ്കല്പങ്ങൾക്ക് ഈണവും മാധുര്യവും പകർന്ന ഗായകനാണ് യേശുദാസ്. പ്രണയം മാത്രമല്ല, വിരഹവും സന്തോഷവും സങ്കടവും വിഷാദവുമെല്ലാം യേശുദാസിന്റെ സ്വരഗംഗയിൽ അർപ്പിച്ച് സായൂജ്യം പൂകാൻ ഇന്നും കൊതിക്കുന്നു ലോകമെങ്ങുമുള്ള മലയാളികൾ. നമ്മുടെ ജീവിതത്തിന്റെ താളവുമായി ഇത്രയേറെ അലിഞ്ഞുചേർന്ന മറ്റൊരു നാദമില്ല, പകരംവയ്ക്കാൻ.
'താമസമെന്തേ വരുവാൻ...' - എന്നു തുടങ്ങുന്ന വിഖ്യാത പ്രണയഗാനം പി.ഭാസ്കരന്റെ രചനകൊണ്ടും എം.എസ്.ബാബുരാജിന്റെ സംഗീതംകൊണ്ടും എന്നതിനപ്പുറം യേശുദാസിന്റെ ആലാപന വിശുദ്ധികൊണ്ടാണ് തലമുറകളെ കീഴടക്കിയത്. പാട്ടിന്റെ മൂന്ന് മഹാനദികൾ സംഗമിച്ചപ്പോൾ എന്നും പറയാം. യേശുദാസിനെ ഗാനഗന്ധർവൻ എന്ന് ആദ്യമായി വിശേഷിപ്പിച്ചത് 1968ൽ മഹാകവി ജി. ശങ്കരക്കുറുപ്പാണ് എന്നുകൂടി നമുക്ക് ഓർമ്മിച്ചുവയ്ക്കാം. ഈ പ്രപഞ്ചത്തിലെ ഓരോ പരമാണുവിലും ദൈവസ്പർശമുണ്ട്. അതിന്റെ ഏറ്റവും സാന്ദ്രമായ ഈടുവയ്പാണ് സംഗീതം. കടൽത്തീരത്തു നിൽക്കുന്ന ഒരാൾ, ഏകാന്തതയിൽ കേൾക്കുന്ന സംഗീതമല്ല, അയാൾ കുടുംബത്തോടൊപ്പം നിൽക്കുമ്പോൾ കേൾക്കുന്നത്. പ്രണയിനിയോടൊപ്പം നിൽക്കുമ്പോൾ കേൾക്കുന്നത് മറ്റൊരു സംഗീതമാണ്. പെരുമഴയും പൊരിവെയിലുമെല്ലാം അപ്പോൾ സംഗീതവർഷമായി മാറും. സായാഹ്നത്തിലോ പ്രഭാതത്തിലോ കേൾക്കുന്നത് മറ്റൊരു സംഗീതമാണ്. പരമമായ സത്യത്തോടൊപ്പമാണ് നിൽക്കുന്നത് എന്ന് സങ്കല്പിച്ചുകൊണ്ട് കടൽത്തീരത്ത് കാതോർക്കുക- വേറിട്ടൊരു സംഗീതം കേൾക്കാം. പാതിരാവിൽ ചന്ദ്രൻ വിളങ്ങിനിൽക്കുമ്പോൾ കേൾക്കുന്നത് മറ്റൊന്ന്. പക്ഷേ, അപ്പോഴും ഇപ്പോഴും എപ്പോഴും കടൽ പാടുന്നത് ഒരേ സ്വരത്തിലാണ്. ഒരേ ശ്രുതിയിലാണ്. ആ ശ്രുതിയുടെയും താളത്തിന്റെയും ആഴവും പരപ്പും വ്യാപ്തിയും അളക്കാനും പകർത്താനും ഒരു സംഗീതജ്ഞനും ആവാത്തതുകൊണ്ടാവാം സംഗീതം സാഗരം പോലെയാണെന്ന് പറയുന്നത്. കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും തള്ളിമാറ്റലിന്റെയും ഇടയിൽ നിന്ന് പറന്നുയർന്ന യേശുദാസിന്റെ ഓരോ ചിറകടിയും മലയാളികളുടെ സംഗീതഭാവനയെ കൂടുതൽ താളാത്മകമാക്കി. ഭക്തിഗാനങ്ങൾ പാടുമ്പോഴാണ് യേശുദാസിന്റെ സ്വരം ഏറ്റവും സാന്ദ്രമാകുന്നത് എന്നാവും ഏതൊരു ഭക്തനും അനുഭവപ്പെടുക. പ്രണയഗാനമോ വിരഹഗാനമോ പാടുമ്പോഴും വിപ്ലവഗാനം പാടുമ്പോഴും ഉറക്കുപാട്ട് ആലപിക്കുമ്പോഴും അതേ വിലോലമാധുര്യം തന്നെ വാക്കുകളെ പൂക്കളാക്കുന്നു. ഈ വിസ്മയകാന്തിയാണ് യേശുദാസിനെ പാടുന്ന ഗന്ധർവന്റെ പര്യായമാക്കിയത്.