ന്യൂഡൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിന് പിന്നാലെ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ ഡോസുകളും വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുതുടങ്ങി. ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിന്റെ ആദ്യ ബാച്ച് ഹൈദരാബാദിൽ നിന്നും ഗന്നാവരം, ഗുവാഹത്തി, പാട്ന, ഡൽഹി, കുരുക്ഷേത്ര, ബംഗളൂരു, പൂനെ, ഭുവനേശ്വർ, ജയ്പൂർ, ചെന്നൈ, ലക്നൗ എന്നീ നഗരങ്ങളിലേക്ക് അയച്ചു. 16നാണ് വാക്സിൻ കുത്തിവയ്പ് തുടങ്ങുന്നത്.
രാവിലെയാണ് ഹൈദരാബാദിൽ നിന്ന് എയർഇന്ത്യ, വിസ്താര എന്നീ വിമാനങ്ങളിലായി കൊവാക്സിന്റെ ആദ്യബാച്ച് ദേശീയ തലസ്ഥാനമായ ഡൽഹിയിലെത്തിയത്.
എയർ ഇന്ത്യയിലെത്തിച്ച കൊവാക്സിൻ ഹരിയാനയിലെ കർണാലിലെ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി. വിസ്താരയിലെത്തിച്ച വാക്സിനുകൾ ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി.
ഇത് കൂടാതെ കൊവിഷീൽഡ് വാക്സിന്റെ 34 ബോക്സ് കൂടി ഇന്നലെ പൂനെയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തി. ഇതിൽ 9 എണ്ണം ആഗ്രയിലേക്കും 12 ബോക്സുകൾ ബറേലിയിലേക്കും 13 ബോക്സുകൾ മീററ്റിലേക്കും കൊണ്ടുപോയി.
55 ലക്ഷം ഡോസ് വാക്സിനാണ് കേന്ദ്രസർക്കാർ ഭാരത് ബയോടെക്കിൽ നിന്നും വാങ്ങുന്നത്. ഇതിൽ 16.5 ലക്ഷം ഡോസ് സൗജന്യമാണ്.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുന്ന കൊവാക്സിന് ജനുവരി 3നാണ് ഉപാധികളോടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.