തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരായ നിയമസഭയിലെ പ്രമേയത്തെ എതിർക്കാതിരുന്നതിന്റെ രാഷ്ട്രീയ ക്ഷീണം ഇന്നലെ ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ തിരുത്തി. നന്ദിപ്രമേയ ചർച്ചയെ എതിർത്ത് സംസാരിക്കുന്നതിനിടയിൽ കാർഷിക നിയമങ്ങൾ കർഷകർക്ക് ഇരട്ടിവരുമാനം നൽകുന്നതാണെന്നും ഇടനിലക്കാരെ ഒഴിവാക്കുന്നത് വൻ നേട്ടമാണെന്നും നിയമത്തെ ആക്ഷേപിക്കുന്ന നയപ്രഖ്യാപനത്തിലെ പരാമർശം ശരിയല്ലെന്നും രാജഗോപാൽ പറഞ്ഞു. ഭക്ഷ്യകിറ്റും അടിസ്ഥാനസൗകര്യങ്ങളുമുൾപ്പെടെ നയപ്രഖ്യാപനത്തിൽ സർക്കാർ അഭിമാനിക്കുന്ന നേട്ടങ്ങൾ കേന്ദ്രസർക്കാർ സഹായങ്ങളാണ്. അത് മറച്ചുവെച്ചുള്ള നയപ്രഖ്യാപനം നന്ദികേടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണത്തെപ്പോലെ തെറ്റുണ്ടാകാതിരിക്കാൻ രണ്ടുമിനിറ്റ് നേരത്തെ പ്രസംഗം എഴുതിതയ്യാറാക്കിയാണ് അദ്ദേഹം വായിച്ചത്.