തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് യു.എ.ഇ റെഡ്ക്രസന്റുമായി നടന്ന എല്ലാ ചർച്ചയിലും പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്, ഇതുമായി ബന്ധപ്പെട്ട കോടികളുടെ വീതംവയ്പും അറിയാമെന്ന് നിയമസഭയിൽ പ്രതിപക്ഷം. വടക്കാഞ്ചേരി ഫ്ളാറ്റ് അഴിമതിയിൽ സ്വർണക്കടത്തു കേസിലെ പ്രതികളും സർക്കാരും ചേർന്നു കോടികൾ തട്ടിയെന്നും ആരോപിച്ച് സഭയിൽ നിന്നു വാക്കൗട്ട് നടത്തി.വടക്കാഞ്ചേരി ലൈഫ് ഫ്ളാറ്റ് പദ്ധതിയിലെ അഴിമതി സി.ബി.ഐക്ക് അന്വേഷിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടും, സർക്കാർ അംഗീകരിത്താത്തതെന്തെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ അനിൽ അക്കര ചോദിച്ചു. ലൈഫ് പദ്ധതിയെ പ്രതിപക്ഷം എതിർത്തിട്ടില്ല. സാധാരണക്കാരന്റെ പേരു പറഞ്ഞ് ആർത്തിപ്പണ്ടാരം മൂത്ത ചിലർ കോടികൾ കൈക്കലാക്കിയതിലാണ് അന്വേഷണം. യു.എ.ഇ കോൺസുലേറ്റിലെ ഖാലിദിനെ അന്വേഷണ ഏജൻസി ഇവിടെക്കൊണ്ടുവന്ന് ചോദ്യംചെയ്യും. എവിടെ വച്ചാണ് കോടികളുടെ കമ്മിഷൻ കൈമാറിയതെന്നും ചുവപ്പു ബോർഡ് വച്ച കാറിലാണോ കൊണ്ടുപോയതെന്നുമടക്കമുള്ള കാര്യങ്ങൾ ഖാലിദ് വെളിപ്പെടുത്തുമെന്നും അനിൽ അക്കര പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രതിപക്ഷം പേടിക്കുന്നതിനാലാണ് ആരോപണത്തിന്റെ കരിനിഴൽ പരത്തി സർക്കാരിനെ വേട്ടയാടാൻ ശ്രമിക്കുന്നതെന്നു മറുപടി പ്രസംഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിയിൽ നിയമോപദേശം തേടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുമായി മുന്നോട്ടുപോകും. കേന്ദ്ര ഏജൻസികളെ വച്ച് സർക്കാരിന്റെ വികസന പദ്ധതികളെ വേട്ടയാടാൻ ശ്രമിക്കുകയാണ്. ഇതുവരെ 835 കോടി രൂപ ചെലവഴിച്ച് ലൈഫ് പദ്ധതിയിൽ 2.57 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. അടുത്ത മാർച്ച് 31നകം 15,000 വീടുകൾ കൂടി പൂർത്തിയാക്കും. ഗുണഭോക്താക്കളുടെ ലിസ്റ്റുണ്ടോയെന്ന് ഇതിനിടെ പ്രതിപക്ഷാംഗങ്ങൾ ചോദിച്ചു. യു.എ.ഇ റെഡ്ക്രസന്റിന്റെ പേരു പറയാതെയായിരുന്നു മന്ത്രിയുടെ മറുപടി.
ലൈഫ് അഴിമതിക്കേസ് സി.ബി.ഐ ശരിയായി അന്വേഷിച്ചാൽ പല ഉന്നതരുടെയും കൈകളിൽ വിലങ്ങു വീഴുമെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.