തിരുവനന്തപുരം: പറവൂർ മണ്ഡലത്തിലെ പുനർജനി പ്രളയ പുനരധിവാസ പരിപാടിയിൽ വിദേശനാണ്യവിനിമയചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ നിയമസഭയിൽ കോൺഗ്രസ് അംഗം വി.ഡി.സതീശൻ മറുപടി നൽകിയതിനെച്ചൊല്ലി നിയമസഭയിൽ ബഹളം.
ഇന്നലെ നന്ദിപ്രമേയചർച്ച തുടങ്ങി വച്ച ടി.വി.രാജേഷാണ് ആരോപണമുന്നയിച്ചത്. വ്യക്തിപരമായ ആരോപണത്തിൽ വിശദീകരണത്തിന് വൈകിട്ട് സതീശന് സ്പീക്കർ അവസരം നൽകി. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ഭരണകക്ഷിയംഗങ്ങൾ ബഹളമുണ്ടാക്കി. പ്രതിരോധിക്കാൻ പ്രതിപക്ഷനിരയും എത്തിയതോടെ സഭാതലം അലങ്കോലപ്പെട്ടു.പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 200പേരെ സഹായിക്കാനാണ് പുനർജനി തുടങ്ങിയതെന്ന് സതീശൻ വിശദീകരിച്ചു.അതിന് ബാങ്ക് അക്കൗണ്ടില്ല.റോട്ടറി ക്ളബാണ് സഹായം നൽകിയത്. നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറുകയായിരുന്നു. ഇടനിലക്കാരന്റെ റോളാണെടുത്തത്. പ്രളയത്തിനിരയായ 2000 വ്യാപാരികൾക്കും സ്വയംതൊഴിൽ സംരംഭകർക്കും 9000 വിദ്യാർത്ഥികൾക്കും സഹായം നൽകി. പണം നേരിട്ട് വാങ്ങിയില്ല. വീടുകൾക്ക് കരാറെടുത്തത് നാട്ടുകാർ തന്നെയാണ്.. റോട്ടറിക്ളബ് തന്നെയാണ് തുക കൈമാറിയതും കരാറുകാരെ തിരഞ്ഞെടുത്തതും. ഗുണഭോക്താക്കളെ പ്രാദേശിക മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടാണ് സർവേ നടത്തി കണ്ടെത്തിയത്. ഇതിൽ അഴിമതിയോ, സാമ്പത്തിക ഇടപാടുകളോ ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു..
എന്നാൽ, പദ്ധതിക്കായി ബർമിംഗ്ഹാമിൽ വച്ച് ഒാരോരുത്തരോടും 500പൗണ്ട് വീതം സതീശൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സ്പീക്കർക്ക് കൈമാറിയിട്ടുണ്ടെന്ന് ടി.വി.രാജേഷ് പറഞ്ഞു. പുനർജനിയുമായി ബന്ധപ്പെട്ട് നേരത്തെ സഭയിൽ ആരോപണമുണ്ടായി. കഴിഞ്ഞദിവസം ചോദ്യവേളയിലും ആരോപണം ആവർത്തിക്കപ്പെട്ടു. അതിന് മറുപടിക്ക അവസരം നൽകുന്നത് ശരിയല്ലെന്ന ക്രമപ്രശ്നം ഉന്നയിച്ചാണ് എം.സ്വരാജ്, ടി.വി.രാജേഷ്, ജെയിംസ് മാത്യു തുടങ്ങിവർ മറുപടി തടസപ്പെടുത്തിയത്. ആണാണെങ്കിൽ ആരോപണം ശരിയല്ലെന്ന് തെളിയിക്കണമെന്ന ടി.വി.രാജേഷിന്റെ വെല്ലുവിളിയും, ആണാണെന്ന് സ്വയംബോധ്യമില്ലാത്തവരാണിങ്ങിനെ വെല്ലുവിളിക്കുന്നതെന്ന സതീശന്റെ മറുപടിയും പ്രകോപനമായി. അത്തരം പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ഷാനിമോൾ ഉസ്മാനും വാദിച്ചു. സതീശനെതിരെ വെടികൊണ്ട പന്നി എന്ന രാജേഷിന്റെ പ്രയോഗവും സഭയിൽ ബഹളത്തിനിടയാക്കി.ഇരുവിഭാഗവും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ, പരിഹാരവുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ രംഗത്തെത്തി. ടി.വി. രാജേഷിന്റെ ആക്ഷേപവും അതിന് വി.ഡി. സതീശൻ നൽകിയ വിശദീകരണവും പരിശോധിച്ച ശേഷം നിയമസഭ രേഖകളിൽ ഉൾപ്പെടുത്തുന്ന കാര്യം തീരുമാനിക്കാമെന്ന് സ്പീക്കർ അറിയിച്ചു. ഇതോടെ ഇരുവിഭാഗവും അടങ്ങി.