തിരുവനന്തപുരം: ഐശ്വര്യ സമ്പൂർണവും വികസനോന്മുഖവുമായ പുതിയ കേരളം പടുത്തുയർത്തുന്നതിനുള്ള ജനകീയ മാനിഫെസ്റ്റോയാണ് യു.ഡി.എഫ് തയ്യാറാക്കുന്നതെന്ന് മുന്നണി ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കർഷകരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ദളിത്- ആദിവാസി സമൂഹങ്ങളുടെയും സാമൂഹ്യനീതിയുടെയും തീരദേശ, മലയോര മേഖലകളുടെയും പരിസ്ഥിതി സൗഹൃദത്തിന്റെയും പ്രവാസിനിക്ഷേപ, സംരംഭങ്ങളുടെയും മാനിഫെസ്റ്റോയാണിത്.
₹ ന്യായ് പദ്ധതി: രാഹുൽഗാന്ധി എം.പി മുന്നോട്ടുവച്ച മിനിമം ഇൻകം ഗ്യാരന്റി സ്കീം പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പാക്കും (വർഷം 72,000രൂപ). സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചുനീക്കാനുതകുന്ന പദ്ധതി.
₹ബിൽരഹിത ആശുപത്രികൾ: തീർത്തും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും.
4 തത്വങ്ങൾ
മോർ ഗവൺമെന്റ് : - പ്രളയവും കൊവിഡും തകർത്ത കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങളും സർക്കാരിന്റെ കൂടുതൽ കൈത്താങ്ങും.
മോർ ഇൻവെസ്റ്റ്മെന്റ്, മോർ എംപ്ലോയ്മെന്റ്: - തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി. കാർഷിക, വ്യവസായ, സർവീസ് മേഖലകളിൽ കൂടുതൽ മുതൽമുടക്ക്, കൂടുതൽ സംരംഭങ്ങളും വ്യവസായങ്ങളും.
മോർ കംപാഷൻ (കാരുണ്യകേരളം): - സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളായ ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി, പരമ്പരാഗത, ചെറുകിട, കരകൗശല, കൈത്തൊഴിൽ മേഖലകൾക്കായി സർക്കാർപദ്ധതിയുടെ നിശ്ചിതഭാഗം നീക്കിവയ്ക്കും. കാരുണ്യകേരള പദ്ധതിയിലൂടെ അവശതയനുഭവിക്കുന്നവർക്ക് സഹായവും സാന്ത്വനവും.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ:
വിദ്യാർത്ഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ്, തൊഴിലാളികൾക്കും തൊഴിൽരഹിതർക്കും കൂടുതൽ വേതനം, വയോധികർക്ക് കൂടുതൽ പെൻഷൻ
റബർ കർഷകർക്ക് കിലോയ്ക്ക് 250രൂപ താങ്ങുവില ഉറപ്പാക്കൽ പദ്ധതി.
തെങ്ങ്, നെല്ല് കർഷകർക്കായി വിപുലമായ പദ്ധതികൾ.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വേതനവും തൊഴിൽദിനങ്ങളും സംസ്ഥാന സർക്കാർ സഹായത്തോടെ കൂട്ടും.