(യോഗനാദം ജനുവരി 15 ലക്കം എഡിറ്റോറിയൽ)
ദീർഘവീക്ഷണമില്ലാത്ത റോഡ് വികസന പദ്ധതികളാണ് കേരളത്തിന്റെ ശാപം. ലോകം ശരവേഗത്തിൽ പുരോഗതിയിലേക്ക് പായുമ്പോഴും കാലഹരണപ്പെട്ട സംവിധാനങ്ങളുമായി ഇഴയുകയായിരുന്നു കേരളം. അടിസ്ഥാന സൗകര്യമേഖലയിലെ നിർണായക ഘടകമായ റോഡുകൾ തന്നെ നോക്കിയാൽ മതി ഇത് വ്യക്തമാകാൻ. കേരളത്തിലെ റോഡുകളിലെ അന്തമില്ലാത്ത ഗതാഗതക്കുരുക്കുകളും നിത്യേന അപകടങ്ങളിൽ പൊലിയുന്ന ജീവിതങ്ങളും ഇതിന് സാക്ഷ്യപത്രങ്ങൾ.
നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാനാവാത്ത റോഡുവികസന പദ്ധതികളുമായി നാം നടക്കുമ്പോൾ മാസങ്ങൾ കൊണ്ട് ആധുനികമായ ആറ് വരിപ്പാതകളും ഭീമൻപാലങ്ങളും പണിയുകയാണ് അന്യസംസ്ഥാനക്കാർ. ഈ പശ്ചാത്തലത്തിൽ മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകിയാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ ദേശീയപാത 66ലെ കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ തുറന്നു കൊടുത്തത്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം റോഡ് വികസനത്തിന് പ്രത്യേകമായ പ്രാധാന്യം കൊടുത്തിട്ടുണ്ടെന്ന് പറയാതെ വയ്യ. അഴിമതിയുടെ കൂത്തരങ്ങായിരുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. മന്ത്രി ജി.സുധാകരൻ ഈ വകുപ്പിന്റെ സാരഥിയായി വന്നപ്പോഴാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും രാഷ്ട്രീയ കൊച്ചുണ്ണിമാരും കുറേയൊക്കെ അടങ്ങി നിൽക്കുന്നത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പേരിൽ നാലരവർഷത്തിനിടെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തത് രണ്ട് ചീഫ് എൻജിനീയർമാരുൾപ്പടെ 364 പേരെയാണ് എന്നറിയുമ്പോൾ അതിന്റെ രൂക്ഷത മനസിലാകും. പാലാരിവട്ടം പാലത്തിലെ അഴിമതി കേരളത്തിനുണ്ടാക്കിയ നാണക്കേടിന്റെ ദുർഗന്ധം സപ്തസമുദ്രങ്ങളിൽ മുങ്ങിക്കുളിച്ചാലും പോകില്ല.
ദേശീയപാത 66ൽ അരൂർ മുതൽ ഇടപ്പള്ളി വരെയുള്ള 19 കിലോമീറ്റർ ഭാഗം കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ പ്രധാന നാഡീഞരമ്പാണിപ്പോൾ. ഇതിലൂടെ സഞ്ചരിക്കാത്ത മലയാളികൾ അധികം കാണില്ല. ഈ പാതയോരങ്ങളാണിപ്പോൾ ആധുനിക കൊച്ചിയുടെ സാമ്പത്തിക സിരാകേന്ദ്രങ്ങൾ. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് ഈ പാതയിലെ വൈറ്റിലയും ഇടപ്പള്ളിയും.
വർഷങ്ങളായി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംഗ്ഷനുകളിലൂടെ സഞ്ചരിക്കുന്നവരിൽ സംസ്ഥാനത്തെ ഭരണകൂടങ്ങളെ ശപിക്കാത്തവരുണ്ടാകില്ല. അത്രയ്ക്ക് രൂക്ഷമാണ് ഇവിടുത്തെ ഗതാഗതപ്രശ്നം. മണിക്കൂറുകൾ നീളുന്ന കാത്തുകിടപ്പിന് കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഒരുപരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഇടപ്പള്ളി ജംഗ്ഷനിൽ ഉണ്ടാകുന്ന പുതിയ ഗതാഗതപ്രശ്നം.
ആലപ്പുഴ ഭാഗത്ത് നിന്ന് കാര്യമായ തടസമൊന്നും നേരിടാതെ ഓടിയെത്തുന്ന വാഹനങ്ങൾ ഇടപ്പള്ളി ജംഗ്ഷനിൽ വന്ന് ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നു. മഹാരാഷ്ട്രയിലേക്കുള്ള ഇടപ്പള്ളി - പനവേൽ ദേശീയപാത തുടങ്ങുന്നത് ഇടപ്പള്ളിജംഗ്ഷനിൽ നിന്നാണ്. കൊച്ചി മെട്രോയും ഇതിന് മുകളിലൂടെ പോകുന്നു. എറണാകുളം നഗരത്തിലേക്കുള്ള പ്രവേശന കവാടവും ഇവിടെ തന്നെ. ലുലുമാൾ ഉൾപ്പടെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളും അമൃത ആശുപത്രിപോലെ വലിയ ആതുരാലയങ്ങളും പ്രശസ്തമായ ഇടപ്പള്ളി പള്ളിയും ഇടപ്പള്ളി ഗണപതി ക്ഷേത്രവും വിളിപ്പാടകലെയുള്ളപ്പോൾ ഗതാഗതതിരക്ക് ഉൗഹിക്കാവുന്നതേയുള്ളൂ. പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ കൊണ്ടു ലഭിക്കുന്ന ഗുണങ്ങൾ ഇടപ്പള്ളിയിലെത്തുമ്പോൾ ഇല്ലാതാകുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇടപ്പള്ളി ജംഗ്ഷൻ സമീപഭാവിയിൽ തന്നെ കേരളത്തിലെ ഏറ്റവും ഗതാഗതപ്രശ്നമുള്ള പ്രദേശമായി മാറുമെന്ന് ഉറപ്പാണ്.
വികസനപദ്ധതികളെ കണ്ണടച്ച് എതിർക്കുന്നതും തത്പര കക്ഷികൾ രംഗത്തുവരുന്നതും അതിനെല്ലാം രാഷ്ട്രീയ കക്ഷികൾ ഓശാന പാടുന്നതുമായ സ്ഥിതിവിശേഷമായിരുന്നു ഇതുവരെ നാം കണ്ടിരുന്നത്. എന്നാൽ കൊച്ചി - മംഗലാപുരം ഗെയിൽ എൽ.എൻ.ജി പൈപ്പ് ലൈനും വൈപ്പിൻ എൽ.പി.ജി പ്ളാന്റും മറ്റ് പദ്ധതികളും യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച കർക്കശ നിലപാട് ഒരു മാതൃകയായിരുന്നു. നാടിന്റെ വികസന കാര്യത്തിൽ ചിലപ്പോൾ പൗരന്മാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. സ്ഥലം വിട്ടുകൊടുക്കലും കൃഷിയും കിടപ്പാടം നഷ്ടപ്പെടലുമൊക്കെ അനിവാര്യമായ സംഗതികളാണ്. ഇത്തരം വൈഷമ്യങ്ങൾ പരമാവധി കുറച്ച് കുടിയൊഴിപ്പിക്കലുകൾ സംയമനത്തോടെ കൈകാര്യം ചെയ്ത് ഉചിതമായ നഷ്ടപരിഹാരങ്ങളും പുനരധിവാസവും ഉറപ്പാക്കി നടപ്പാക്കാത്തതു കൊണ്ടാണ് പല പ്രശ്നങ്ങളും ഉദിക്കുന്നത്. നാടിന്റെ വികസനത്തിന് വേണ്ടി നഷ്ടം സഹിക്കുന്നവരുടെ കണ്ണീർ വീഴാതെയുള്ള നഷ്ടപരിഹാര, പുനരധിവാസ പദ്ധതികൾ മാത്രമാണ് പോംവഴി. തത്പര കക്ഷികളെ മർക്കടമുഷ്ടിയോടെ നേരിടുകയും വേണം. ഇത്തരമൊരു സമീപനം എത്രയും വേഗം ഇടപ്പള്ളിയുടെ കാര്യത്തിലും സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണം.
വലിയ ജംഗ്ഷനുകളിൽ റൗണ്ട് എബൗട്ടുകൾ പണിയുകയാണ് അഭികാമ്യം. സിഗ്നലുകൾ ആവശ്യമില്ലാതെ സുഗമമായി ഏതു ദിശയിലേക്കും സഞ്ചരിക്കാവുന്ന റൗണ്ട് എബൗട്ട് കേരളത്തിൽ ഒന്നുപോലുമില്ല. വൈറ്റിലയിലും ഇടപ്പള്ളിയിലുമുള്ള ഗതാഗത പ്രശ്നങ്ങൾക്ക് റൗണ്ട് എബൗട്ടുകൾ മാത്രമായിരുന്നു പരിഹാരം. ഇനി രണ്ടിടത്തും ഇത് അസാദ്ധ്യവുമാണ്.
ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ചേരാനല്ലൂരിൽ പനവേൽ ദേശീയപാതയും കണ്ടെയ്നർ റോഡും സംഗമിക്കുന്നിടത്ത് കേരളത്തിലെ ആദ്യ റൗണ്ട് എബൗട്ടിന് ദേശീയപാത അധികൃതർ രണ്ടുവർഷം മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. വലിയ കുടിയൊഴിപ്പിക്കലുകൾ ആവശ്യമില്ലാത്ത ഇവിടെ തത്പര കക്ഷികളുടെ എതിർപ്പ് മൂലം മുന്നോട്ടു പോകാനായില്ല. എത്രയും വേഗം സംസ്ഥാന സർക്കാർ ഇടപെടേണ്ട കാര്യമാണിത്. ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള 26 കിലോമീറ്റർ ഭാഗം രാജ്യത്തെ ദേശീയപാതകളിൽ ഏറ്റവും വീതികുറഞ്ഞതാണ്. അതൊന്നു വികസിപ്പിക്കാൻ 40 വർഷമായി ശ്രമിക്കുന്നുണ്ടെങ്കിലും ഗണപതിക്കല്യാണം പോലെ നീണ്ടു പോവുകയാണ്. ഫലമോ നിത്യവും അപകടങ്ങളും ജീവഹാനികളും.
ആലുവ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി ജംഗ്ഷൻ തൊടാതെ നേരെ അരൂർ ബൈപ്പാസിലേക്കും തിരിച്ചും പ്രവേശിക്കുന്ന പദ്ധതി നേരത്തേ ആസൂത്രണം ചെയ്തിരുന്നെങ്കിലും അതൊക്കെ ഇപ്പോൾ വിസ്മൃതിയിലാണ്. എത്രയും വേഗം ഇടപ്പള്ളി ജംഗ്ഷൻ വികസനമോ പുതിയ ബൈപ്പാസ് സംവിധാനമോ നടപ്പിൽ വരുത്തുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ടത്. കൊച്ചിയെ ഭാവിയിലെ ഗതാഗതക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല. സംസ്ഥാന സർക്കാർ കാലാവധി തികയ്ക്കാൻ ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എങ്കിലും സുപ്രധാനമായ ഈ വികസന കാര്യത്തിൽ ഒരു തീരുമാനമെടുത്താൽ തുടർ സർക്കാരിനും അത് അവഗണിക്കാനാവില്ല. അമൂല്യമായ സമയ, ഇന്ധന ലാഭത്തിന് അതുപകരിക്കും. വരുംതലമുറകൾക്കും ഉപകാരമാകും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ് കേരളത്തിൽ ഏറെയും. ഇടപ്പള്ളിയുടെ കാര്യത്തിലെങ്കിലും ഭരണനേതൃത്വങ്ങൾ ഉറച്ച ഒരു തീരുമാനം കെെക്കൊള്ളാൻ ഒരു നിമിഷം പോലും വൈകരുത്.