തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും അടുത്തിടെ ഉണ്ടായ സി.എ.ജിയുടെ ഇടപെടൽ ഒരു ഭരണഘടനാസ്ഥാപനവും ചെയ്യാൻ പാടില്ലാത്തതാണെന്നും മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ആദ്യമെല്ലാം എല്ലാവരും കിഫ്ബിയെ എഴുതിത്തള്ളിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാതൃകയായി കിഫ്ബി മാറി. ആ സമയത്താണ് കിഫ്ബിയെ പലരും നോട്ടമിട്ടത്. വികസന പ്രവൃത്തികൾ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നവരാണ് കിഫ്ബിക്കെതിരായ ഗൂഢാലോചന നടത്താൻ ശ്രമിക്കുന്നത്. ഇതോടെയാണ് കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും സി.എ.ജി അന്തിമറിപ്പോർട്ടിൽ ചേർത്തത്. ഓഡിറ്റിംഗിൽ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത ഭരണഘടനാ പ്രശ്നമാണ് സി.എ.ജി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നും ഐസക് പറഞ്ഞു.
ഒന്നും മറയ്ക്കാനില്ലെങ്കിൽ ഓഡിറ്റിംഗിനെ എതിർക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പാലാരിവട്ടത്തെ കുറിച്ചു പറഞ്ഞ ധനമന്ത്രി കിഫ്ബി പദ്ധതി വഴി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കൊച്ചി കാൻസർ സെന്റർ കെട്ടിടം പൊളിഞ്ഞു വീണതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. കിഫ്ബി അംഗീകരിച്ച മാതൃകയിൽ മാറ്റംവരുത്തി നിർമ്മാണം നടത്തിയതാണ് കൊച്ചി കാൻസർ സെന്ററിന്റെ ഒരുഭാഗം പൊളിഞ്ഞുവീഴാൻ കാരണമെന്ന് ധനമന്ത്രി മറുപടി നൽകി.
ബി.ഇ.എം.എൽ പൊതുമേഖലയിൽ നിലനിറുത്താൻ ശ്രമിക്കും: മന്ത്രി
തിരുവനന്തപുരം: മിനി നവരത്ന ഗണത്തിൽ പെടുന്ന പാലക്കാട്ടെ ബി.ഇ.എം.എൽ ലിമിറ്റഡിനെ പൊതുമേഖലയിൽ നിലനിറുത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും പി.കെ. ശശിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.ഇ.എം.എല്ലിന്റെ ഓഹരി വിറ്റാൽ അത് തൊഴിലിനെ ബാധിക്കും. ഇക്കാര്യത്തിൽ സംസ്ഥാനം നേരത്തെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്രം 1000 ഏക്കർ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം 374.59 ഏക്കർ സ്ഥലം കുറഞ്ഞ പാട്ടനിരക്കിൽ കിൻഫ്ര വഴി നൽകി. 170 ഏക്കർ ഭൂമിയിൽ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. 1500 കോടി രൂപയുടെ ഓർഡർ പാലക്കാട് യൂണിറ്റിൽ മാത്രം നടപ്പിലാക്കുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു.
കൊവിഡ് :പ്രവാസി നിക്ഷേപത്തിൽ 2399.97 കോടിയുടെ കുറവ്
തിരുവനന്തപുരം: കൊവിഡ് മൂലം സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തിൽ 2399.97 കോടിയുടെ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. 2020 ജനുവരി മുതൽ ഫെബ്രുവരി വരെ സംസ്ഥാനത്തേക്ക് അയച്ച നിക്ഷേപത്തിലെ കുറവാണിത്. ഈ കാലയളവിൽ വിദേശ നാണ്യ വ്യാപാരികൾ നൽകുന്ന വിവരമനുസരിച്ച് സ്വകാര്യ കൈമാറ്റത്തിൽ 28.19 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇത് ഏകദേശം 2261.68 കോടി രൂപയാണ്. വാണിജ്യബാങ്കുകളുടെ നിക്ഷേപത്തിൽ 138.29 കോടിയുടെ കുറവുമുണ്ടായി. പ്രവാസി പണവരവിലെ യഥാർത്ഥ കുറവ് ഇതിനെക്കാൾ കൂടുതലായിരിക്കുമെന്നും ഇത് സംസ്ഥാന വരുമാനത്തിൽ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു.
എ.ജിയുടെ താത്കാലിക കണക്കനുസരിച്ച് 2020 നവംബർ 30 വരെ സംസ്ഥാനത്തിന്റെ ആകെ വരുമാനം 52057 കോടി രൂപയാണ്. തനത് നികുതി വരുമാനത്തിൽ 23.04 ശതമാനവും നികുതിയേതര വരുമാനത്തിൽ 65.55 ശതമാനവും കേന്ദ്ര നികുതി വിഹിതത്തിൽ 38.49 ശതമാനവും കുറവുണ്ടായിട്ടുണ്ട്.