തിരുവനന്തപുരം: റിമാൻഡ് പ്രതിയായ പന്തീരങ്കാവ് സ്വദേശി ബീരാൻകോയ കോഴിക്കോട് ജയിലിൽ ആത്മഹത്യ ചെയ്ത കേസിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിക്കാമെന്ന് നിയമസഭയിൽ ഇത് സംബന്ധിച്ച് ഡോ. എം.കെ. മുനീറിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
ദാരിദ്ര്യവും സംസാരവൈകല്യവുമുള്ള പന്തീരാങ്കാവ് പാലാഴി സ്വദേശിനിയെ മാനഹാനി വരുത്തിയെന്ന പരാതിയിലാണ് ബീരാൻകോയയെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ബീരാൻ കോയ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ, 6ന് രാത്രി സെല്ലിലെ ജനൽ കമ്പിയിൽ തോർത്തുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു. ഇതു സംബന്ധിച്ച് കസബ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
അന്നേ ദിവസം സബ്ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ മനോജിനെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കലേഷിനെ ചീമേനി തുറന്ന ജയിലിലേക്കും ജയിൽ സൂപ്രണ്ട് റിനിലിനെ വൈത്തിരി സ്പെഷ്യൽ സബ് ജയിലിലേക്കും സ്ഥലം മാറ്റി. വിശദാന്വേഷണത്തിന് ഉത്തരമേഖലാജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്രഷറികൾ സുരക്ഷിതം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുള്ള സോഫ്ട്വെയറുകളിൽ പിഴവില്ലെന്ന് മന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞു. ട്രഷറിയുടെ വിശ്വാസ്യത തകർക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല.
വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. തട്ടിപ്പ് നടത്തിയാളെ സർവീസിൽ നിന്ന് പുറത്താക്കി. ഈ വ്യക്തിയുടെ സർവീസ് കാലയവളവിലെ മുഴുവൻ ഇടപാടുകളും പരിശോധിക്കും. വഞ്ചിയൂർ ട്രഷറിയിൽ വകമാറ്റിയ രണ്ട് കോടിയോളം രൂപയിൽ 61 ലക്ഷം രൂപയാണ് ട്രഷറി സംവിധാനത്തിൽ നിന്ന് പുറത്ത് പോയതായി കണ്ടെത്തിയത്.സമാനമായ എന്തെങ്കിലും ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്നറിയുന്നതിന് സംസ്ഥാനത്തെ മുഴുവൻ ട്രഷറികളിലും പരിശോധന പുരോഗമിക്കുകയാണ്. ഇതുവരെ മറ്റൊരു കേസും കണ്ടെത്താനായിട്ടില്ല. ഇതിന് പുറമേ വിരമിക്കുന്നായാളുടെ പാസ്വേഡ് വിരമിക്കുന്ന ദിവസം തന്നെ പ്രവർത്ത രഹിതമാകുന്നതിന് സാങ്കേതിക സംവിധാനം ഏർപ്പെടുത്തി.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ട്രഷറിയിൽ ക്രമക്കേട് നടത്തിയ മൂന്ന് പേരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
കിഫ്ബി അക്ഷയഖനിയല്ല: മന്ത്രി ഐസക്
തിരുവനന്തപുരം: പശ്ചാത്തല സൗകര്യവികസനത്തിനുള്ള കിഫ്ബി പണം വാരിയെടുക്കാനുള്ള അക്ഷയ ഖനിയല്ലെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. 50000 കോടിയുടെ പദ്ധതികളാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തിരുന്നത്. ഇപ്പോഴത് 65000 കോടിയിലെത്തി. കിഫ്ബിക്ക് രണ്ടാംഘട്ടത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. ആദ്യ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളല്ലാതെ പുതിയതൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ആസ്തിക്ക് മുകളിൽ ബാദ്ധ്യത വരുന്ന പദ്ധതികൾ കിഫ്ബി ഏറ്റെടുക്കില്ല. മുൻസർക്കാരിന്റെ കാലത്ത് 29,689 കോടിയായിരുന്നു മൂലധനചെലവ്. ഈസർക്കാരിന്റെ ആദ്യനാലുവർഷത്തിനുള്ളിൽ ഇത് 40,994 കോടിയായി ഉയർന്നെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുത വിതരണ മേഖല സ്വകാര്യവത്കരിക്കില്ല: മന്ത്രി എം.എം. മണി
തിരുവനന്തപുരം: സംസ്ഥാന വൈദ്യുത വിതരണ മേഖല സ്വകാര്യവത്കരിക്കില്ലെന്ന് മന്ത്രി എം.എം. മണി നിയമസഭയിൽ വ്യക്തമാക്കി. വൈദ്യുതമേഖല സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ കരടുരേഖയ്ക്കുള്ള മറുപടിയിൽ കെ.എസ്.ഇ.ബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവിലുള്ളതും സാമ്പത്തികമായി ലാഭമുള്ളതുമായ വൈദ്യുതി വാങ്ങൽ കരാറുകളും സ്വകാര്യ ലൈസൻസികൾക്ക് കൈമാറാനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കൈമാറുന്ന ജീവനക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നാണ് കരടു രേഖയിലുള്ളതെന്നും മന്ത്രി അറിയിച്ചു.