തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ചേർത്തിട്ടുള്ള ബാങ്ക് എന്ന പദം മാറ്റണമെന്ന് റിസർവ് ബാങ്കിൽ നിന്ന് രേഖാമൂലം നിർദേശം ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
ദീർഘകാല കാർഷിക വായ്പാ രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾ പേരിൽ നിന്നും ബാങ്ക് എന്ന പദം ഒഴിവാക്കുന്നത് ജനങ്ങൾക്കിടയിൽ സ്ഥാപനങ്ങളുടെ മതിപ്പിനെ ബാധിക്കാനിടയുണ്ട്. ബാങ്കിംഗ് നിയമ ബില്ല് 2020 നിയമമാകുന്നതിന് മുൻപ് സഹകരണ ബാങ്കുകളെ ബാധിക്കുന്ന വിഷയങ്ങളിൽ ഭേദഗതി വേണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിന്നുള്ള പാർലമെന്റ് അംഗങ്ങൾ മുഖാന്തരവും പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബില്ല് നിയമമായതിന് ശേഷമുള്ള ഭാവിനടപടികൾ ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗം വിളിക്കും.