തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞതോടെ ,തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ, നിത്യച്ചെലവിന് ബോർഡ് സർക്കാരിനോട് 100 കോടി രൂപയുടെ അടിയന്തര സഹായം തേടി.
. ശബരിമലയിൽ മണ്ഡല കാലത്തെ വരുമാനം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം മാത്രം.ശരാശരി 250 കോടിയാണ് ഒരു സീസണിൽ ബോർഡിന് ശബരിമലയിൽ നിന്നും വരുമാനമായി ലഭിക്കുന്നത്. വൃശ്ചികം മുതലുള്ള ഈ സീസണിൽ ഇതുവരെ ലഭിച്ചത് 16.30 കോടിയാണ്. 1,32,673 പേരാണ് വെർച്വൽ ക്യൂ വഴി സന്നിധാനത്തെത്തിയത്. ഇന്ന് മകരജ്യോതി തൊഴാനായി സന്നിധാനത്തെത്തുന്നത് 5000 പേരാണ്.
ശബരിമലയിലെ കരാറുകളിലും ഇക്കുറി വലിയ നഷ്ടമാണ് .നാളികേരം , കടകൾ, ശൗചാലയം എന്നിവയുടെ ലേലത്തിൽ 2018-19 സീസണിൽ ആറേ കാൽ കോടിയാണ് വരുമാനമായി ലഭിച്ചത്. 2019-2020 ഫെബ്രുവരി വരെ ഒരു കോടി രൂപ ലഭിച്ചു. ഈ സീസണിൽ കടകൾ ലേലം കൊള്ളാൻ പോലും ആളുണ്ടായില്ല. ദേവസ്വം ബോർഡിന് കീഴിൽ 1523 ക്ഷേത്രങ്ങളാണുള്ളത്.ബോർഡിന്റെ ക്ഷേത്രങ്ങളിൽ 58 എണ്ണമാണ് സ്വയം പര്യാപ്തമായത്.ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിൽ നിന്നും ഒരു വർഷം ആകെ ലഭിക്കുന്ന വരുമാനം 87 കോടിയാണ്.കൊവിഡ് മാനദണ്ഡം കാരണം ഭക്തജനങ്ങൾ കുറഞ്ഞതോടെ,ഈ ക്ഷേത്രങ്ങളിലും വരുമാനം ഇടിഞ്ഞു.
ദേവസ്വം ബോർഡിന്റെ ചെലവ് (ഒരു രൂപയിൽ )
ശബരിമലയിൽ -20 പൈസ
മറ്റു ക്ഷേത്രങ്ങളിൽ -40 പൈസ
ശമ്പളം,പെൻഷൻ -40 പൈസ
ഒരു വർഷത്തെവരുമാനം (ശരാശരി )
ശബരിമല - 300 കോടി
മറ്റു ക്ഷേത്രങ്ങൾ- 87 കോടി
ദേവസ്വം ബോർഡിന് അനുവദിച്ചത് 80 കോടി
തിരുവനന്തപുരം: ശബരിമലയിൽ ഈ സീസണിലെ വരുമാനത്തിൽ 153,71,60,956 രൂപയുടെ കുറവുണ്ടായെന്ന് മന്ത്രി കടകപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. മുൻ വർഷം സീസണിലെ വരവ് 163,68,33,692 രൂപയായിരുന്നു. 2020 നവംബർ 15 മുതൽ ഡിസംബർ 26 വരെയുള്ള കണക്കനുസരിച്ച് 9,96,72,736 രൂപയാണ് വരവ്. പ്രളയം, കൊവിഡ് എന്നിവ മൂലമുണ്ടായ വരുമാനക്കുറവ് പരിഹരിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇതുവരെ 80കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാസപൂജക്ക് കൂടുതൽ ദിവസം നട തുറക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ തന്ത്രി ഉൾപ്പടെ ഉള്ളവരുമായി ആലോചിച്ച് തീരുമാനമെടുക്കും. ദേവസ്വം ബോർഡിന് 500 കോടിയുടെ സഞ്ചിത നഷ്ട്ടം മാർച്ച് മുതൽ ഉണ്ടായിട്ടുണ്ട്.
-എൻ.വാസു, ദേവസ്വം ബോർഡ് പ്രസിഡന്റ്