ഭോപ്പാൽ : രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്നായി വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കവേ വിവാദ പ്രസ്താവനയുമായി കോൺഗ്രനേതാവ്. പതിനഞ്ചാം വയസിൽ പ്രത്യുൽപാദന ശേഷി കൈവരിക്കാൻ പെൺകുട്ടികൾക്കാവുമ്പോൾ എന്തിന് വിവാഹ പ്രായം 21 ആക്കണമെന്ന ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവായ സഞ്ജൻ സിംഗ് വർമ. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കണമെന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദ്ദേശത്തിന് മറുപടിയായിട്ടാണ് വർമയുടെ ഈ പ്രസ്താവന. കോൺഗ്രസ് നേതാവിന്റെ വാക്കുകൾ വിവദമായതോടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദേശീയ കമ്മീഷൻ(എൻ സി പി സി ആർ).
ഈ മാസം പതിനൊന്നിന് ഒരു പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവേയാണ് സഞ്ജൻ സിംഗ് വർമ വിവാദ പ്രസ്താവന നടത്തിയത്. ഇദ്ദേഹത്തിന്റെ വാക്കുകൾ വിവാദമായതിന് തൊട്ടുപിന്നാലെയാണ് എൻ സി പി സി ആർ വിശദീകരണം തേടിയത്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം വേണമെന്നാണ് കുറിപ്പിലുള്ളത്. പൊതുവേദികളിൽ നടത്തുന്ന ഇത്തരം പ്രസ്താവനകൾ കുട്ടികളുടെ അവകാശങ്ങൾക്ക് ഹാനികരമാണെന്നും, മുൻ മന്ത്രികൂടിയായ നേതാവിന്റെ വാക്കുകൾ
ഇന്ത്യൻ പീനൽ കോഡിലെ 505ാം വകുപ്പും ജുവനൈൽ ജസ്റ്റിസ് ആക്ടിനും എതിരാണെന്നും വിശദീകരണം ചോദിച്ചു കൊണ്ടുള്ള കുറിപ്പിൽ എൻ സി പി സി ആർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.