മുംബയ് : ജനാധിപത്യത്തിന്റെ വേരുകൾ തദ്ദേശ തിരഞ്ഞെടുപ്പു മുതൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ നീളുന്ന രാജ്യമാണ് നമ്മുടേത്. എന്നാൽ മഹാരാഷ്ട്രയിലെ ചില ഗ്രാമങ്ങളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. നാളെയാണ് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയിൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. എന്നാൽ ക്രമക്കേട് കണ്ടതിനാൽ രണ്ട് പഞ്ചായത്തുകളിൽ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം
മഹാരാഷ്ട്രയിലെ ഗ്രാമ പ്രദേശങ്ങളിൽ മിക്ക ഇടങ്ങളിലും എതിരാളികളില്ലാതെ പഞ്ചായത്തിലേക്ക് അംഗങ്ങളെ തിരഞ്ഞടുത്തതാണ് അട്ടിമറി നടന്നു എന്ന സംശയം ജനിക്കാൻ കാരണമായത്. തുടർന്ന് ദേശീമ മാദ്ധ്യമങ്ങളടക്കം ഗ്രാമങ്ങളിൽ നടത്തിയ അന്വേഷണത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ ലേലം വിളികളിലൂടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് കണ്ടെത്തുകയായിരുന്നു. ഓരോ ഗ്രാമത്തിലേയും സമ്പത്തും ആൾബലവുമുള്ള ആളുകൾ ചേർന്ന് യോഗം ചേരുകയും ലേലം വിളി നടത്തുകയുമാണ് ചെയ്യുന്നത്. ഇതിൽ കൂടുതൽ തുക പറയുന്നയാളെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുകയും അയാൾ മാത്രം തിരഞ്ഞെടുപ്പിലേക്കായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്യും. ലേലം വിളിക്കിടെ പറഞ്ഞുറപ്പിച്ച തുക ഉപയോഗിച്ച് ഗ്രാമത്തിൽ പൊതു ജനങ്ങൾക്കായി എന്തെങ്കിലും കെട്ടിടം പണിയും. മിക്കവാറും ആരാധനയ്ക്കായുള്ള ക്ഷേത്രമോ, സ്കൂളിലേക്കായുള്ള കെട്ടിടമോ മറ്റ് ആവശ്യങ്ങൾക്കോ പണം ചിലവഴിക്കാൻ തയ്യാറുള്ള ആളെയാവും ഗ്രാമക്കൂട്ടം ചേർന്ന് തിരഞ്ഞെടുക്കുക. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ പ്രചരണത്തിനും മറ്റുമായി ചിലവഴിക്കുന്ന തുക ഇത്തരത്തിൽ ലാഭിക്കാനാവും.
പൂനെ ജില്ലയിലെ ഖേദ് താലൂക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ ഇത്തരത്തിൽ എതിരാളികളില്ലാതെ ജനപ്രതിനിധികളെ തിരഞ്ഞെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഒമ്പത് മുതൽ 18 വരെ അംഗങ്ങളാണ് ഓരോ പഞ്ചായത്തിലുമുള്ളത്.
എന്നാൽ പുറത്ത് വന്ന പരാതികളുടെയും വീഡിയോകളുടേയും അടിസ്ഥാനത്തിൽ രണ്ട് പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ നിർത്തിവച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ഗ്രാമീണർ സമവായ സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുത്തതെന്ന് മാദ്ധ്യമങ്ങളോട് സമ്മതിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ പൂനെ ജില്ലയിലെ 746 ഗ്രാമപഞ്ചായത്തുകളിൽ 81 സീറ്റുകളിലും ഒരു സ്ഥാനാർത്ഥിമാത്രമാണ് മത്സരരംഗത്തുള്ളത്.