വാഷിംഗ്ടൺ : ലോകത്തിലെ ഏറ്റവും പ്രായമായ ജനാധിപത്യ രാഷ്ട്രം അതിന്റെ സങ്കീർണവും നാണക്കേട് നിറഞ്ഞതുമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ചൈനയെ അടക്കം ജനാധിപത്യത്തിന്റെ പേരിൽ നിരന്തരം പരിഹസിക്കുന്ന അമേരിക്കയ്ക്ക് ഇപ്പോൾ ജനവിധി അംഗീകരിക്കാത്ത ട്രംപ് അനുയായികൾ തീർക്കുന്ന വെല്ലുവിളി തലവേദനയായിത്തീർന്നിരിക്കുകയാണ്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത ബൈഡനെ വിജയിയായി പ്രഖ്യാപിക്കാൻ ചേർന്ന പാർലമെന്റ് സമ്മേളനം അക്രമികൾ കയറി അലങ്കോലപ്പെടുത്തിയതോടെയാണ് ലോകത്തിന് മുൻപിൽ അമേരിക്ക നാണം കെട്ടത്. ഇതേ തുടർന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് ഇന്ന് അമേരിക്ക പാസാക്കി. അമേരിക്കൻ ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 232 വോട്ടിനാണ് പ്രമേയം പാസായത്. ഇനി ഇംപീച്ച്മെന്റ് വിചാരണ യു.എസ് സെനറ്റിലേക്ക് നീങ്ങും. സെനറ്റിന്റെ നടപടിക്രമങ്ങൾ കൂടി പൂർത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ. ഈ മാസം 20 നാണ് പുതിയ പ്രസിഡന്റ് അമേരിക്കയിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുക്കുന്നത്.
ട്രംപിനെതിരായ ഇംപീച്ച്മെന്റ് കൂടി പാസായതോടെ അദ്ദേഹത്തിന്റെ അനുകൂലികൾ കടുത്ത ആക്രമം അമേരിക്കയിലെമ്പാടും അഴിച്ചുവിടുമെന്ന ആശങ്കയാണ് ഇപ്പോൾ പരക്കുന്നത്.
തോക്കുധാരികളായ അക്രമികൾ പൈപ്പ് ബോംബ് ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചേക്കുമെന്ന മുന്നറിയിപ്പാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിട്ടുള്ളത്. ഇതിനാൽ തന്നെ വലിയ അളവിലാണ് സൈന്യം തയ്യാറെടുത്ത് നിരത്തുകളിൽ അക്രമികളെ കാത്തിരിക്കുന്നത്. യൂണിഫോമിൽ ആയുധങ്ങളുമായി പാർലമെന്റ് അടക്കമുള്ള പ്രധാന സർക്കാർ ഓഫീസുകളിൽ വിശ്രമിക്കുന്ന സൈനികരുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. കഴിഞ്ഞയാഴ്ച യുഎസ് പാർലമെന്റിന് മുന്നിൽ നടന്ന ഉപരോധ സമരത്തിന് ശേഷം പൈപ്പ് ബോംബുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കൂടുതൽ സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണിപ്പോൾ.
പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുപതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് നിലവിൽ വാഷിംഗ്ടണിലുള്ളത്. പുതിയ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ പതിനായിരത്തോളം സൈനികരെ കൂടുതലായി വിന്യസിക്കും. അമേരിക്കയിൽ ആഭ്യന്തര കലാപത്തിന് ശേഷം ആദ്യമായിട്ടാണ് പാർലമെന്റ് വളപ്പിൽ സൈനിക ക്യാമ്പ് തുറന്നിരിക്കുന്നത്.