കർത്താവിന്റെ മണവാട്ടിമാർ എന്നറിയപ്പെടുന്ന കന്യാസ്ത്രീകളുടെ, മഠങ്ങളിലെ വീർപ്പുമുട്ടലിന്റെ കഥയാണ് കൗമുദി ടി.വി ഷോർട്ട് ഫിലിം ഫെസ്റ്റ്വലിൽ പ്രദർശിപ്പിച്ച 'ആവൃതി'. ശ്രീഹരി ധർമ്മൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അഭയ കൊലക്കേസ് പോലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തനീയവും കാലിക പ്രാധാന്യമുള്ളതുമാണെന്നതാണ് പ്രത്യേകത.
മഠത്തിൽ ചേരാൻ ആഗ്രഹിക്കുകയും പിന്നീട് പല കാരണങ്ങളാൽ മഠം വിട്ടുപോകേണ്ടിയും വരുന്ന കന്യാസ്ത്രീകളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ സിനിമ. എന്തിന് മഠം വിട്ടുപോകുന്നു എന്നതടക്കമുള്ള നിരവധി ചോദ്യങ്ങൾ ഉയരാം. പക്ഷേ, ആ ചോദ്യങ്ങൾക്കൊന്നും തന്നെ ഉത്തരം ലഭിച്ചുവെന്ന് വരില്ല, ഒരിക്കലും. എങ്കിലും ഓരോ തവണയും ചോദ്യങ്ങൾ ചോദിക്കപ്പെട്ടു കൊണ്ടിരിക്കും. ഇത്തരത്തിൽ നിരവധി ചോദ്യങ്ങളുടെ ഉത്തരം തേടലാണ് ആവൃതി എന്ന ഹ്രസ്വചിത്രം. വീർപ്പുമുട്ടി കഴിയേണ്ടി വരുന്ന അവർ മഠത്തിൽ നിന്ന് വിട്ടുപോകാൻ തീരുമാനിച്ചാലും അവരുടെ വീർപ്പുമുട്ടലും വിഷമതകളും പിന്നീടും അവരെ വേട്ടയാടിക്കൊണ്ടിരിക്കും. മഠത്തിൽ എങ്ങനെ ജീവിച്ചോ ഒരുപക്ഷേ, അതുപോലെ തന്നെ പിന്നീടും അവർക്ക് ജീവിക്കേണ്ടി വന്നേക്കാം. എന്നാൽ മഠത്തിൽ നിന്ന് പോയതിന് ശേഷമുള്ള പല കന്യാസ്ത്രീകളുടെയും ജീവിതം എന്താണെന്ന് ആർക്കും അറിയില്ല. അതിനാൽ തന്നെ കന്യാസ്ത്രീ മഠങ്ങളിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ ഹ്രസ്വചിത്രം മറ്റുള്ളവയിൽ നിന്നൊക്കെ വേറിട്ടുനിൽക്കുന്നു. സിസിലി എന്ന കേന്ദ്ര കഥാപാത്രത്തെ ദിവ്യപ്രഭയാണ് അവതരിപ്പിച്ചിരിക്കുന്നത്.