തിരുവനന്തപുരം : ബ്രിട്ടനിൽ സിനിമാചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകൾ നടി ലെന നിഷേധിച്ചു. ആർ.ടി.പി.സി.ആർ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവാണ്. ബ്രിട്ടണിൽ ജനിത കവ്യതിയാനം വന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ, ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തുന്നവർ ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണ് നിർദേശം. ഇതനുസരിച്ച് ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ താൻ ക്വാറന്റൈനിലാണ്. ഇത് തെറ്റിദ്ധരിച്ച് തനിക്ക് കൊവിഡാണെന്ന് വാർത്തകൾ പ്രചരിക്കുകയാണെന്ന് ലെന ഫേസ്ബുക്കിൽ കുറിച്ചു.
ബംഗളുരു വിമാനത്താവളത്തിൽ നടത്തിയ ആർ..ടിപിസിആർ പരിശോധനയിൽ ലെനയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നത്.. 'ബ്രിട്ടനിൽ നിന്ന് എത്തിയതിനാൽ കൊവിഡിന്റെ വകഭേദമാണോയെന്ന് സംശയിക്കുന്നുണ്ട്. കൂടുതൽ പരിശോധന നടത്തിയാലെ ഇത് വ്യക്തമാകൂ. താരം ഇപ്പോൾ ബംഗളൂരുവിലാണ്' എന്നതായിരുന്നു പ്രചാരണം.. ഇത് നിഷേധിച്ചാണ് താരം രംഗത്തുവന്നത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ബ്രിട്ടണിൽ നിന്ന് നാട്ടിലെത്തിയത്. എന്നാൽ നിലവിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ബംഗളൂരു സർക്കാർ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിച്ചു എന്ന് മാത്രം. ബ്രിട്ടണിൽ നിന്ന് എത്തുന്നവരിൽ നടത്തുന്ന പതിവ് പരിശോധനയ്ക്ക് വിധേയമായി. ജനിതകമാറ്റം വന്ന കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യമുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം ലെന ഫേസ്ക്കിൽ കുറിച്ചു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടി അഭ്യർത്ഥിച്ചു.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട്പ്രിന്റ്സ് ഓൺ ദ വാട്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനിൽ എത്തിയത്. നടി നിമിഷ സജയനും ലെനയ്ക്കൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാനസർവീസുകൾ നിർത്തിയതോടെ ഇരുവരും ബ്രിട്ടനിൽ കുടങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിംഗ് വിമാനത്തിനായാണ് ലെന ബംഗളൂരിൽ ഇറങ്ങിയത്.
A fake news is spreading through online media and social media that I am (Actress Lena) tested covid positive and...
Posted by Lena on Thursday, 14 January 2021