കൊല്ലം: കൊടുംകുറ്റവാളിയായ വടിവാൾ വിനീതിനെ വ്യാഴാഴ്ച രാത്രി ഒന്നരയ്ക്ക് കിളിമാനൂർ മുതൽ മൂന്നര മണിക്കൂർ പിന്തുടർന്ന് പുലർച്ചെ അഞ്ചു മണിയോടെ കൊല്ലം നഗരത്തിൽ വച്ച് അതിസാഹസികമായി പൊലീസ് കീഴടക്കി. കൊല്ലം സിറ്റി പൊലീസ് സിനിമാ സ്റ്റൈലിൽ ജീവൻ പണയംവച്ച് പിടികൂടുകയായിരുന്നു. കടപ്പാക്കടവച്ചാണ് എടത്വാ ചങ്ങങ്കരി ലക്ഷംവീട് കോളനി വൈപ്പിൻചേരി വീട്ടിൽ വിനീതിനെ (21) കീഴടക്കിയത്. ബുധനാഴ്ച രാത്രി ഒന്നരയ്ക്ക് കിളിമാനൂർ ബിവറേജസിന് സമീപമുള്ള പെട്രോൾപമ്പിൽ ബുള്ളറ്റിലെത്തിയ മോഷ്ടാവ്, ജീവനക്കാരന്റെ കഴുത്തിൽ വടിവാൾ വച്ച് പണം ആവശ്യപ്പെട്ടെങ്കിലും പെട്രോളടിക്കാൻ ഒരു കാർ വന്നതോടെ പിന്തിരിഞ്ഞ് രക്ഷപ്പെട്ടതു മുതൽ പൊലീസ് പിന്തുടരുകയായിരുന്നു. ചടയമംഗലത്ത് ബുള്ളറ്റ് ഉപേക്ഷിച്ച വിനീത് അവിടെ കണ്ട മാരുതി ആൾട്ടോ കാർ, ഉടമയെ വാൾ കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. പള്ളിക്കൽ വഴി പാരിപ്പള്ളിയിലെത്തി കൊല്ലത്തേക്ക് പാഞ്ഞു.
വിവരം അറിഞ്ഞ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ നഗരപരിധിയിലെ മുഴുവൻ പൊലീസിനെയും രംഗത്തിറക്കി. കടപ്പാക്കടയിൽ എത്തിയപ്പോൾ റോഡിന് കുറുകേ ജീപ്പിട്ട് തടഞ്ഞു. ജീപ്പിൽ കാർ കൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറങ്ങിയോടിയ മോഷ്ടാവിന്റെ പിന്നാലെ പൊലീസും പാഞ്ഞു. മൈക്ക് അനൗൺസ്മെന്റ് നടത്തി നാട്ടുകാരെ വിളിച്ചുണർത്തി. സ്ത്രീകൾ അടക്കം
മോഷ്ടാവിന്റെ പിന്നാലെ പാഞ്ഞു. ഒരു മതിൽ ചാടിക്കടക്കാൻ ശ്രമിക്കവേ, നാട്ടുകാരും പൊലീസും ചേർന്ന് കീഴടക്കി. അപ്പോഴും വടിവാൾ കൈവശമുണ്ടായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം സംഘാംഗങ്ങളോടൊപ്പം പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായെങ്കിലും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം മാത്രം 20 കവർച്ചകൾ നടത്തി.
ചേസ് ചെയ്തത് 49 കി.മീ
ചടയമംഗലം മുതൽ കൊല്ലം വരെ എട്ട് സ്റ്റേഷനുകളിലെ പൊലീസുകാരാണ് രംഗത്തിറങ്ങിയത്
കിളിമാനൂർ, ചടയമംഗലം, പള്ളിക്കൽ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ഇരവിപുരം, കൊല്ലം ഈസ്റ്റ് സ്റ്റേഷനുകൾ
കൊല്ലം സിറ്റിയിൽ ഇറങ്ങിയത് 2 എ.സി.പി, 10 എസ്.എച്ച്.ഒ, 15 എസ്.ഐ, 75 പൊലീസുകാർ