ശബരിമല: അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തിൽ ശരണഘോഷം മുഴങ്ങിയ സന്ധ്യാവേളയിൽ പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി ഭക്തർക്ക് സുകൃത ദർശനമായി. 6.40ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കായി നടതുറന്നതിനു തൊട്ടടുത്ത നിമിഷം പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. പിന്നാലെ പൊന്നമ്പലമേടിന്റെ നെറുകയിൽ മകരസംക്രമ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. സന്നിധാനവും പരിസരവും ശരണംവിളികളാൽ മുഖരിതമായി.
കൊവിഡ് മാനദണ്ഡങ്ങൾ കാരണം 5000 തീർത്ഥാടകർക്ക് മാത്രമായിരുന്നു പ്രവേശനം.
രാവിലെ 8 മണിയോടെയായിരുന്നു മകരസംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് കൊടുത്തുവിട്ട അയ്യപ്പമുദ്ര യിലെ നെയ്യ് അഭിഷേകം ചെയ്തു.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.45ന് ശരംകുത്തിയിലെത്തിയപ്പോൾ, ശ്രീകോവിലിൽ നിന്നു പൂജിച്ചു നൽകിയ പുഷ്പഹാരങ്ങൾ അണിയിച്ച് ദേവസ്വം ഉദ്യോഗസ്ഥർ സ്വീകരിച്ചു. വാദ്യമേളങ്ങൾ, മുത്തുക്കുട, തീവെട്ടി എന്നിവയുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് നീങ്ങിയ ഘോഷയാത്ര വലിയ നടപ്പന്തലിൽ എത്തിയപ്പോൾ പുഷ്പവൃഷ്ടി നടത്തി കർപ്പൂരാഴിയോടെ അയ്യപ്പസേവാസംഘം പ്രവർത്തകരും വരവേറ്റു.
പതിനെട്ടംപടി കയറി എത്തിയ പ്രധാന പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു, അംഗങ്ങളായ അഡ്വ. കെ.എസ്.രവി, പി.എം. തങ്കപ്പൻ, ദേവസ്വംവകുപ്പ് പ്രിൻസിപ്പൽ
സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ശബരിമല സ്പെഷൽ കമ്മിഷണർ എം. മനോജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.തിരുമേനി ഐ.ജി പി. വിജയൻ, ജില്ലാ കളക്ടർ പി.ബി നൂഹ് തുടങ്ങിയവർ ചേർന്ന് എതിരേറ്റു. തന്ത്രി കണ്ഠരര് രാജീവരര് , മേൽശാന്തി വി.കെ.ജയരാജ് പോറ്റി എന്നിവർ പേടകം ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടച്ചു. മകരസംക്രമ നക്ഷത്രവും മകരവിളക്കും തെളിഞ്ഞതോടെ ശരണംവിളിച്ച് ഭക്തർ മലയിറങ്ങിത്തുടങ്ങി.
ഇന്നലെ മുതൽ മാളികപ്പുറത്തു നിന്നുള്ള എഴുന്നെള്ളത്തും മണിമണ്ഡപത്തിൽ കളമെഴുത്തും ആരംഭിച്ചു.
19 വരെ ഭക്തർക്ക് ദർശനം ലഭിക്കും. മകരവിളക്ക് ഉത്സവം പൂർത്തിയാക്കി 20ന് രാവിലെ 6.30ന് നട അടയ്ക്കും.