തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന്റെ ഇനിയുളള മുന്നോട്ടുളള പാത രണ്ടര മണിക്കൂറിനകം അറിയാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ സർക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റിലാണ് വലിയ വഴിത്തിരിവായ കിഫ്ബി പ്രഖ്യാപിച്ചത്. ഇന്നത് യാഥാർത്ഥ്യമായിട്ടുണ്ട്.വലിയ ബഹളമുണ്ടാക്കിയ പ്രതിപക്ഷവും കിഫ്ബി തുടരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വളരെ നല്ലതാണ്, അങ്ങനെയാണ് വേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.
കൊവിഡ് തകർച്ചയിൽ നിന്ന് എത്രയും വേഗം ഉയർത്തെഴുന്നേൽക്കണം. അതിനുളള പരിപാടികൾ ബഡ്ജറ്റിലുണ്ടാകും. കേരളം സാമ്പത്തിക വളർച്ചയും സാമ്പത്തിക നീതിയും ഒരുമിപ്പിക്കുന്ന പ്രദേശമായിരിക്കും. പ്രതിപക്ഷം ആളുകളെ പറഞ്ഞ് പേടിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഭീകരമായ കടമെന്നൊക്കെ പറയുന്നത് അർത്ഥമില്ലാത്ത വാചകമടിയാണ്. കടം മേടിച്ച് കാര്യങ്ങൾ ചെയ്യാതിരുന്നാൽ ജനങ്ങൾക്ക് പട്ടിണി കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാകുമെന്നും തോമസ് ഐസക് പറഞ്ഞു.
വായ്പ എടുത്തിട്ടാണെങ്കിലും പദ്ധതികളുടെ തുടർച്ചയുണ്ടാകും. കൊവിഡാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് കൈയടി നേടാനുളള ബഡ്ജറ്റല്ല ഇത്. ദീർഘകാലത്തേക്ക് കേരളത്തെ പരിവർത്തനം ചെയ്യാനുളള നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്ന ബഡ്ജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.