കൊല്ലം : കഴിഞ്ഞ ദിവസം രാവിലെ അതി സാഹസികമായി കൊല്ലം സിറ്റി പൊലീസ് വടിവാൾ വിനീത് എന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി പിടികൂടിയിരുന്നു. 49 കിലോമീറ്ററോളം പിന്തുടർന്ന് സിനിമാ സ്റ്റൈലിൽ ചേസിംഗിലൂടെയാണ് പൊലീസ് ഇയാളെ കീഴടക്കിയത്. നിരവധി തവണ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട വിനീതിയിൽ ഇക്കുറി വൻ സന്നാഹങ്ങളൊരുക്കിയാണ് പൊലീസ് വലയിലാക്കിയത്. എപ്പോഴും വടിവാൾ പോലെയുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് നടക്കുന്നതിനാലാണ് പ്രതിയ്ക്ക് വടിവാൾ വിനീതെന്ന പേര് വരാൻ കാരണം.
കുട്ടിക്കുറ്റവാളിയിൽ തുടങ്ങി ശിക്ഷിക്കുന്തോറും കൂടുതൽ കുറ്റവാളിയായി
ഇരുപത്തിയൊന്ന് വയസുള്ള വിനീത് മോഷണം ആദ്യമായി ആരംഭിച്ചത് ഏഴ് വർഷങ്ങൾക്ക് മുൻപ് പതിനാല് വയസുള്ളപ്പോഴാണ്. ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തിയ ആലപ്പുഴ സ്വദേശിയായ വിനീത് 2013ൽ ചക്കുളത്തുകാവിലെ കടകൾ കുത്തിത്തുറന്നതോടെയാണ് ആദ്യമായി പിടിക്കപ്പെടുന്നത്. എന്നാൽ പ്രായത്തിന്റെ ആനുകൂല്യം നൽകി അന്ന് വെറുതെ വിട്ടു. പിന്നാലെ കുട്ടിക്കള്ളൻ മോഷണങ്ങൾ വ്യാപകമാക്കിയതോടെ ആലപ്പുഴയിലെ ജുവൈനൈൽ ഹോമിൽ എത്തിക്കുകയായിരുന്നു. അരക്കള്ളനായി ഇവിടെ എത്തിയ വിനീത് പുറത്തിറങ്ങിയത് മോഷണത്തിന്റെ എല്ലാ വശങ്ങളും കൂട്ടാളികളിൽ നിന്നും പഠിച്ച ശേഷമാണ്.
ജുവൈനൈൽ ഹോമിൽ നിന്നും പുറത്തിറങ്ങിയ ഉടൻ വിനീത് ആദ്യം ചെയ്തത് ആലപ്പുഴ മെഡി കോളേജ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു. വാഹനമോഷണം പിന്നീടങ്ങോട്ട് ഇയാൾ പതിവാക്കി. ഏതു വാഹനവും താക്കോൽ ഇല്ലാതെ സ്റ്റാർട്ടാക്കാൻ അസാമാന്യ കഴിവ് വിനീതിനുണ്ടായിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ആശ്ചര്യപ്പെടുത്തി. വാഹനമോഷണ കേസുകളിൽ 2017ൽ ചെങ്ങന്നൂർ പൊലീസ് പിടികൂടിയതോടെ വിനീതിന്റെ മോഷണങ്ങൾക്ക് താത്കാലിക ഇടവേളയായി. രണ്ട് വർഷത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷം 2019 ൽ ജയിൽ മോചിതനായ ശേഷമാണ് വിനീത് വടിവാൾ ആയുധമാക്കുന്നത്. വഴിയാത്രക്കാർ അടക്കം ആരെയും വടിവാൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടലായി പിന്നീടങ്ങോട്ട്. ഇതോടെയാണ് കൊടും ക്രിമിനലായ വിനീതിന് വടിവാൾ വിനീത് എന്ന പേര് വീണത്.
വിവാഹം ചെയ്തപ്പോൾ ഭാര്യയേയും കൂട്ടിയായി മോഷണം
ആലപ്പുഴ പുന്നമടക്കാരിയായ ഷിൻസിയെ വിനീത് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം ഇയാളുടെ വഴിവിട്ട ജീവിതത്തിൽ മാറ്റം വരുത്തും എന്ന പ്രതീക്ഷയും അസ്ഥാനത്തായിരുന്നു. ഭാര്യയേയും കൂട്ടി വാഹനങ്ങളിൽ കറങ്ങി നടന്നായി മോഷണം. ഇതിനിടെ എറണാകുളത്ത് നിന്നും മിഷേൽ, ശ്യാം എന്നീ രണ്ട് കൂട്ടുകാരെയും കൂട്ടിയായി മോഷണം. കന്യാകുമാരി മുതൽ മലപ്പുറം വരെ വിനീത് മോഷണ പരമ്പര ആരംഭിച്ചതും ഈ കൂട്ടാളികൾ വന്നതിന് ശേഷമാണ്. വിവിധ സ്റ്റേഷനുകളിലായി അമ്പതോളം കേസുകളാണ് വിനീതിന്റെയും സംഘത്തിന്റെയും പേരിലുള്ളത്. കൊവിഡ് സമയത്ത് വഴിയാത്രക്കാരനെ തടഞ്ഞ് പണം തട്ടാൻ ശ്രമിച്ചതടക്കം കേസുകളിൽ ഇയാളും ഭാര്യയും പ്രതികളാണ്. കഴിഞ്ഞ ഒക്ടോബറിൽ എറണാകുളം റൂറൽ പൊലീസിന്റെ പിടിയിലായെങ്കിലും കോവിഡ് സെന്ററിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
പിടികൂടിയത് സിനിമാ സ്റ്റൈൽ ചെയ്സിംഗിലൂടെ
കൊടുംകുറ്റവാളിയായ വടിവാൾ വിനീതിനെ വ്യാഴാഴ്ച രാത്രി ഒന്നരയ്ക്ക് കിളിമാനൂർ മുതൽ മൂന്നര മണിക്കൂർ പിന്തുടർന്ന് പുലർച്ചെ അഞ്ചു മണിയോടെ കൊല്ലം നഗരത്തിൽ വച്ച് അതിസാഹസികമായി പൊലീസ് കീഴടക്കി. കൊല്ലം സിറ്റി പൊലീസ് സിനിമാ സ്റ്റൈലിൽ ജീവൻ പണയംവച്ച് പിടികൂടുകയായിരുന്നു. കടപ്പാക്കടവച്ചാണ് എടത്വാ ചങ്ങങ്കരി ലക്ഷംവീട് കോളനി വൈപ്പിൻചേരി വീട്ടിൽ വിനീതിനെ (21) കീഴടക്കിയത്. ബുധനാഴ്ച രാത്രി ഒന്നരയ്ക്ക് കിളിമാനൂർ ബിവറേജസിന് സമീപമുള്ള പെട്രോൾപമ്പിൽ ബുള്ളറ്റിലെത്തിയ മോഷ്ടാവ്, ജീവനക്കാരന്റെ കഴുത്തിൽ വടിവാൾ വച്ച് പണം ആവശ്യപ്പെട്ടെങ്കിലും പെട്രോളടിക്കാൻ ഒരു കാർ വന്നതോടെ പിന്തിരിഞ്ഞ് രക്ഷപ്പെട്ടതു മുതൽ പൊലീസ് പിന്തുടരുകയായിരുന്നു. ചടയമംഗലത്ത് ബുള്ളറ്റ് ഉപേക്ഷിച്ച വിനീത് അവിടെ കണ്ട മാരുതി ആൾട്ടോ കാർ, ഉടമയെ വാൾ കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. പള്ളിക്കൽ വഴി പാരിപ്പള്ളിയിലെത്തി കൊല്ലത്തേക്ക് പാഞ്ഞു.
വിവരം അറിഞ്ഞ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ നഗരപരിധിയിലെ മുഴുവൻ പൊലീസിനെയും രംഗത്തിറക്കി. കടപ്പാക്കടയിൽ എത്തിയപ്പോൾ റോഡിന് കുറുകേ ജീപ്പിട്ട് തടഞ്ഞു. ജീപ്പിൽ കാർ കൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറങ്ങിയോടിയ മോഷ്ടാവിന്റെ പിന്നാലെ പൊലീസും പാഞ്ഞു. മൈക്ക് അനൗൺസ്മെന്റ് നടത്തി നാട്ടുകാരെ വിളിച്ചുണർത്തി. സ്ത്രീകൾ അടക്കം മോഷ്ടാവിന്റെ പിന്നാലെ പാഞ്ഞു. ഒരു മതിൽ ചാടിക്കടക്കാൻ ശ്രമിക്കവേ, നാട്ടുകാരും പൊലീസും ചേർന്ന് കീഴടക്കി. അപ്പോഴും വടിവാൾ കൈവശമുണ്ടായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം സംഘാംഗങ്ങളോടൊപ്പം പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായെങ്കിലും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം മാത്രം 20 കവർച്ചകൾ നടത്തി.
ചേസ് ചെയ്തത് 49 കി.മീ
ചടയമംഗലം മുതൽ കൊല്ലം വരെ എട്ട് സ്റ്റേഷനുകളിലെ പൊലീസുകാരാണ് രംഗത്തിറങ്ങിയത്
കിളിമാനൂർ, ചടയമംഗലം, പള്ളിക്കൽ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ഇരവിപുരം, കൊല്ലം ഈസ്റ്റ് സ്റ്റേഷനുകൾ
കൊല്ലം സിറ്റിയിൽ ഇറങ്ങിയത് 2 എ.സി.പി, 10 എസ്.എച്ച്.ഒ, 15 എസ്.ഐ, 75 പൊലീസുകാർ