തിരുവനന്തപുരം: എൻ.ജി.ഒ അസോസിയേഷനിൽ ബി ജെ പി ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കെ സംഘടനയുടെ സംസ്ഥാന നേതാവിനെതിരെ നടപടിയെടുത്ത് തിരുവനന്തപുരം ഡി.സി.സി. തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ നെട്ടയം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന നേതാവ് രാജശേഖരനെതിരെയാണ് പാർട്ടി നടപടി എടുത്തത്. വട്ടിയൂർക്കാവ് ബ്ളോക്ക് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കി കൊണ്ടാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ നടപടി എടുത്തത്.
യു.ഡി.എഫിന് വേണ്ടി രാജശേഖരൻ ഒരു തിരഞ്ഞെടുപ്പ് പ്രവർത്തനവും നടത്തിയില്ലെന്നും രഹസ്യമായും പരസ്യമായും ബി.ജെ.പിക്ക് വോട്ട് മറിച്ചു നൽകാൻ മുന്നിൽ നിന്നെന്നും ആരോപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് ഡി.സി.സി നിയോഗിച്ച അന്വേഷണ കമ്മിറ്റി പരാതിയിലെ ആരോപണം ഗൗരവതരമാണ് എന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് രാജശേഖരൻ അടക്കമുളളവരെ പുറത്താക്കിയത്.
2023 മെയ് മാസം വരെ സർക്കാർ സർവീസിൽ ഉളള രാജശേഖരൻ പ്രമുഖ സർവീസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷന്റെ സംസ്ഥാന വൈസ്. പ്രസിഡന്റാണ്. സർക്കാർ ജീവനക്കാരൻ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് എന്ന സർവീസ് ചട്ടം നിലനിൽക്കെ ഇയാൾ വർഷങ്ങളായി കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഇയാൾ ജോലി ചെയ്യുന്ന ജലസേചന വകുപ്പിന് കിട്ടിയിട്ടുണ്ടെങ്കിലും ഒരു നടപടിയും വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല.
എൻ.ജി.ഒ അസോസിയേഷൻ നേതൃത്വം അടുത്ത കാലത്തായി സംഘടനയിൽ കടന്ന് കൂടിയ ആർ.എസ്.എസ് ഫ്രാക്ഷന്റെ പിടിയിലാണ് എന്ന ആക്ഷേപം സംസ്ഥാന തലത്തിൽ വ്യാപകമാണ്. 2020 നവംബർ മാസം നടന്ന ദേശീയ പണിമുടക്കിൽ അഖിലേന്ത്യാ കോൺഗ്രസ് പാർട്ടിയുടെ നിർദ്ദേശം പോലും മറികടന്ന് എൻ.ജി.ഒ അസോസിയേഷൻ പങ്കെടുക്കേണ്ടതില്ല എന്ന സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനം നേതൃത്വത്തിന്റെ ബി.ജെ.പി ചായ്വിന് ഉദാഹരമാണെന്ന് അന്നേ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു.
രാജശേഖരൻ അടക്കമുള്ളവർ എൻ.ജി.ഒ അസോസിയേഷനിൽ ആർ.എസ്.എസ് ഫ്രാക്ഷന് നേതൃത്വം കൊടുക്കുന്നു എന്നതിന് തെളിവായി ഒരു വിഭാഗം ഈ നടപടി ഉയർത്തിക്കാട്ടുന്നു. നെട്ടയം വാർഡിൽ രാജശേഖരന് സ്വാധീനമുളള കുടുംബങ്ങളുടെ യോഗം വിളിച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോ ക്ലിപ്പുകൾ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് കിട്ടിയ വിവരം അവർ അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നു. ഡി.സി.സി പ്രസിഡന്റിന്റെ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.