കടയ്ക്കാവൂർ: വിശ്വമഹാകവി കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കരയിൽ കവിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം പരാധീനതകൾക്ക് നടുവിൽ. സ്നേഹ ഗായകനും ആശയ ഗംഭീരനുമായ കവിയുടെ കാവ്യശകലങ്ങൾ പുതുതലമുറയ്ക്ക് പകരാനും കവിത ആസ്വദിക്കാനും കവിതാരചനകൾക്ക് വേണ്ട അന്തരീക്ഷം ഒരുക്കാനും വേണ്ടിയാണ് കായിക്കരയിൽ കാവ്യ ഗ്രാമ പദ്ധതി ആസൂത്രണം ചെയ്തത്. കായിക്കരയിൽ പ്രകൃതി ഭംഗിയാൽ കടലിനോട് ചേർന്ന് കിടക്കുന്ന സ്മാരകത്തിന് എന്തുകൊണ്ടും മുതൽക്കൂട്ടാകുന്ന പദ്ധതിയായിരുന്നു കാവ്യ ഗ്രാമം. എന്നാൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണം എങ്ങുമെത്തിയില്ല.
സ്മാരകത്തെ ഉന്നത തലങ്ങളിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി കുമാരനാശാന്റെ വേൾഡ് പ്രൈസ് സമ്മാന വേദിയിൽ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് വി. ശശി എം.എൽ.എയുടെ ശ്രമഫലമായാണ് രണ്ടാംഘട്ട വികസനത്തിനായി മൂന്നുകോടി രൂപ കൂടി അനുവദിച്ചത്.
ആറ്റിങ്ങൽ കലാപത്തെയും അഞ്ചുതെങ്ങ് കോട്ടയുടെയും സ്മരണകൾ കുറിക്കുന്ന കരിങ്കൽ ശില്പങ്ങൾ ആശാന്റെ വ്യക്തിപരവും കാവ്യാപരവുമായ കൽസ്തൂപം എന്നിവയും രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നു. വയലാർ രവി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ സ്മാരകത്തിന്റെ ചുറ്റുമതിൽ പോലും പൂർത്തീകരിച്ചിട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയായ തീർത്ഥാടന സർക്യൂട്ടിൽ കായിക്കര കുമാരനാശാൻ സ്മാരകം ഉൾപ്പെടാതെ പോയതും തിരിച്ചടിയാണ്. കാവ്യ ഗ്രാമം പൂർത്തിയാകുന്നതോടെ ആശാൻ സ്മാരകം രാജ്യത്ത് തന്നെ ഏറ്റവും സുന്ദരവും ആസ്വാദ്യകരവുമായ കാവ്യ സ്മരണകളിൽ ഒന്നായി മാറുമായിരുന്നു.