കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ 'ഹലാൽ വിരുദ്ധ' ഭക്ഷണശാലയുമായി തുഷാര അജിത് കല്ലായിൽ എന്ന സംരംഭക. എറണാകുളത്ത് മെഡിക്കൽ സെന്ററിനടുത്ത് വെണ്ണലയിലാണ് 'നന്ദൂസ് കിച്ചൺ' എന്ന പേരിലുള്ള തുഷാരയുടെ ഹോട്ടൽ പ്രവർത്തിക്കുന്നത്. റെസ്റ്റോറന്റിൽ 'NO HALAL- ഹലാൽ നിഷിദ്ധ ഭക്ഷണം' എന്ന ബോർഡ് തുഷാര സ്ഥാപിച്ചതോടെ ഭക്ഷണശാല സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായി മാറിയിരിക്കുകയാണ്. ഹലാൽ വിരുദ്ധ ബോർഡ് തൂക്കാൻ തുഷാരയ്ക്ക് ഒരു കാരണവുമുണ്ട്.
'ഒന്നര വര്‍ഷം മുമ്പാണ് ഹോട്ടൽ തുടങ്ങുന്നത്. പലതരം മീൻ വിഭവങ്ങളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളിൽ എത്തിയ്ക്കുന്ന ഭക്ഷണശാലയാണിത്. തുടക്കത്തിൽ 20 പേര്‍ക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ദിവസേന 200 പേര് ഒക്കെ എത്തുന്ന രീതിയിൽ സംരംഭം വളര്‍ന്നു.'-തുഷാര പറഞ്ഞു.
എന്നാൽ ഹോട്ടലിൽ എത്തുന്ന ചിലർ ഹലാൽ ഭക്ഷണം ആണോയെന്ന് തിരക്കിയ ശേഷം കഴിക്കാതെ ഇറങ്ങിപ്പോയ അനുഭവങ്ങളുണ്ടായി എന്നും ഇത് തന്നെ ഏറെ വിഷമിപ്പിക്കുകയുണ്ടായി എന്നും തുഷാര പറയുന്നുണ്ട്. ഹലാൽ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്തെന്ന് തനിക്കറിയില്ലെങ്കിലും ഹലാൽ എന്ന് എഴുതാത്തത് കൊണ്ട് മാത്രം താൻ ഉണ്ടാക്കുന്ന ഭക്ഷണം ഹറാമാണെന്ന് കരുതുന്നില്ലെന്നും തുഷാര വിശദീകരിച്ചു.
'വീട്ടിൽ കുട്ടികൾക്ക് നൽകുന്ന അതേഭക്ഷണം ആണ് ഞാൻ തന്നെ നേരിട്ടെത്തി റെസ്റ്റോറൻറിലും പാകം ചെയ്യുന്നത്. ഭക്ഷണത്തിൻെറ കാര്യത്തിൽ മതപരമായ ഇത്തരമൊരു വേര്‍തിരിവ് എന്തിനാണ്? ഇതാണ് ഇങ്ങനെയൊരു ബോര്‍ഡിന് പിന്നിൽ. ഹലാൽ അല്ല എന്ന ഒറ്റ കാരണത്താൽ ഈ ഭക്ഷണം ഒഴിവാക്കി മടങ്ങുന്നത് അലോസരപ്പെടുത്തിയതിനാൽ തന്നെയാണ് ഇങ്ങനൊരു ബോര്‍ഡ് സ്ഥാപിച്ചത്.'- തുഷാര പറഞ്ഞു.