പോഗ്യാംഗ്: കൊടിയ ദാരിദ്ര്യത്തിലാണെന്ന റിപ്പോർട്ടുകൾക്കിടയിലും അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയ. രാഷ്ട്രീയ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച രാത്രി തലസ്ഥാന നഗരമായ പ്യോഗ്യാംഗിൽ നടന്ന പരേഡിലായിരുന്നു പ്രദർശനം. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ചടങ്ങിൽ പങ്കെടുത്തിരുന്നു. കറുത്ത കോട്ടും രോമത്തൊപ്പിയുമണിഞ്ഞ്
കിം സുംഗ് ചത്വരത്തിലിരുന്ന് കിം ചടങ്ങ് വീക്ഷിച്ചു.
പുക്ഗുക്സോംഗ് -5
പുതിയ ബാലിസ്റ്റിക് മിസൈൽ സമുദ്രാന്തർവാഹിനികൾ ഉപയോഗിച്ച് തൊടുത്തുവിടുന്നതാണെന്നാണ് വിവരം. പുക്ഗുക്സോംഗ് -5 എന്നാണ് മിസൈലിന്റെ പേര്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രദർശിപ്പിച്ച പുക്ഗുക്സോംഗ്- 4ന്റെ നവീകരിച്ച രൂപമാണിത്. ലോകത്തിലെ ഏറ്റവും മാരകവും ശക്തിയേറിയതുമായ ആയുധമാണിതെന്നാണ് ഉത്തരകൊറിയൻ മാദ്ധ്യമങ്ങൾ പറയുന്നത്.
മറ്റ് പല റോക്കറ്റുകളും പ്രദർശനത്തിനുണ്ടായിരുന്നു. ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ആയുധ ശേഖരമെന്നാണ് നിഗമനം.ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശനത്തിന് അണിനിരന്നില്ല.
അതേസമയം, അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജോ ബൈഡന് മുന്നറിയിപ്പ് നൽകാൻ നടത്തിയതാണ് പരേഡെന്നും റിപ്പോർട്ടുണ്ട്. ഉത്തരകൊറിയയുടെ അയൽരാജ്യങ്ങളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും യു.എസ് സൈനിക സാന്നിദ്ധ്യമുണ്ട്.