ഗാസ സിറ്റി: ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ പരിമിതികളെ നിസാരമായി തോൽപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗാസ സ്വദേശിയും നിയമബിരുദധാരിയുമായ യൂസഫ് അബൂ ആമിറ.
കാലുകളില്ലാതെ, ഭാഗികമായി മാത്രം വളർന്ന കൈകളോടെ ജനിച്ച യൂസഫ് ഇന്ന് കരാട്ടേയിൽ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്.
ശരീയത്ത്-നിയമ കോളജിൽ നിന്ന് കഴിഞ്ഞ വർഷം ബിരുദം നേടിയ 24കാരനായ യൂസഫ് ഇപ്പോൾ കരാട്ടേയിൽ ഒാറഞ്ച് ബെൽറ്റും നേടി. നിത്യവും പരിശീലനത്തിനെത്തുന്ന യൂസഫ് മറ്റ് പരിശീലനാർത്ഥികൾക്കും മാതൃകയാണെന്ന് കോച്ച് ഹസൽ അൽ റായി പറയുന്നു.'അംഗവൈകല്യം മനസിനെയും ശരീരത്തിനെയും ബാധിക്കാതിരുന്നാൽ നമുക്ക് നേടിയെടുക്കാൻ പറ്റാത്തതായി യാതൊന്നുമില്ലെന്ന് ലോകത്തോട് വിളിച്ചുപറയാനാണ് ഇൗ നേട്ടങ്ങളിലുടെ ഞാൻ ആഗ്രഹിക്കുന്നത്. എന്നെപ്പോലെയുള്ള ലക്ഷക്കണക്കിനാളുകൾക്ക് എന്റെ ജീവിതം പ്രചോദനമാകുമെങ്കിൽ അതിൽപരം സന്തോഷം എനിയ്ക്ക് വേറെയില്ല. അന്താരാഷ്ട്ര കരാട്ടേ ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നതാണ് ഞാനിപ്പോൾ സ്വപ്നം കാണുന്നത്'- യൂസഫ് പറയുന്നു.
ശക്തമായ പഞ്ചുകൾ നൽകാനും തടയാനും മിടുക്കനാണ് യൂസഫ്. 'യൂസഫിന്റെ പ്രകടനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയാണ്. മികച്ച രീതിയിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ യൂസഫിന് കഴിയും. ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ വളർന്ന യൂസഫ് വിദ്യാഭ്യാസത്തിലും കായിക മികവിലും കാണിക്കുന്ന വൈദഗദ്ധ്യം രാജ്യത്തെ യുവജനങ്ങൾക്ക് പ്രചോദനമാകും - കോച്ച് ഹസൽ അൽ റായി പറഞ്ഞു നിറുത്തി