ഈസ്റ്റ് ബംഗാളുമായി 1-1ന് സമനിലയിൽ പിരിഞ്ഞു
മഡ്ഗാവ് : ഐ.എസ്.എല്ലിൽ നാലാം വിജയത്തിന് അരികിലെത്തി അവസാന നിമിഷം കൈവിട്ടുകളഞ്ഞ് കേരള ബ്ളാസ്റ്റേഴ്സ്.ഇന്നലെഈസ്റ്റ് ബംഗാളിനെതിരെ 1-1നാണ് മഞ്ഞപ്പട സമനില വഴങ്ങിയത്. 64-ാം മിനിട്ടിൽ ജോർദാൻ മറെയിലൂടെ മുന്നിലെത്തിയിരുന്ന ബ്ളാസ്റ്റേഴ്സിനെ അവസാന നിമിഷത്തിലെ കോർണർ കിക്കിൽനിന്ന് സ്കോട്ട് നെവിലണലെ ഹെഡറിലൂടെ നേടിയ ഗോളിനാണ് ഈസ്റ്റ് ബംഗാൾ തളച്ചത്.
അഞ്ചാം മിനിട്ടിൽ ജോർദാൻ മറെയിലൂടെ മികച്ച ഒരു ആക്രമണം ബ്ളാസ്റ്റേഴ്സ് നടത്തിയിരുന്നു.ഫകുൻഡോ പെരേരയിൽ നിന്നുകിട്ടിയ പാസുമായി ബോക്സിന്റെ മദ്ധ്യത്തേക്ക് കയറിയ മറെയുടെ ഷോട്ട് പക്ഷേ ഈസ്റ്റ് ബംഗാൾ ഗോളി തടുത്തു.തൊട്ടുപിന്നാലെ ഫകുൻഡോയുടെ ഒരു ശ്രമവും ബ്ളോക്ക് ചെയ്യപ്പെട്ടു.14-ാം മിനിട്ടിലെ വിൻസെൻഷ്യോ ഗോമസിന്റെ ഹെഡർ വലയ്ക്ക് മുകളിലൂടെ പുറത്തേക്കുപോയതും മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി.മൂന്ന് മിനിട്ടിന് ശേഷം ഗോമസിന്റെ മറ്റൊരു ഹെഡറും പുറത്തേക്കുപോകുന്നത് കണ്ടു. 34-ാം മിനിട്ടിൽ സഹൽ നൽകിയ ഒരു ക്രോസിൽ നിന്നുള്ള പെരേരയുടെ ഷോട്ടും പുറത്തേക്കായിരുന്നു.
മറേയുടെ ഒരു ശ്രമം തടുക്കുന്നത് കണ്ടാണ് രണ്ടാം പകുതിയും തുടങ്ങിയത്. 49,54 മിനിട്ടുകളിൽ മറേയും ഗാരി ഹൂപ്പറും ചേർന്ന് തീപ്പൊരി ചിതറിച്ചെങ്കിലും ഗോൾ പിറന്നത് 64-ാം മിനിട്ടിലാണ്. അൽബിനോ ഗോമസിന്റെ പാസിൽ നിന്ന് ഒരു വലൻകാലൻ ഷോട്ടിലൂടെയാണ് മറെ വലകുലുക്കിയത്.
ഇതോടെ ബ്ളാസ്റ്റേഴ്സ് 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പട്ടികയിൽ പത്താം സ്ഥാനത്താണ്.